---
title: "ചിത്രപ്രിയയുടെ മരണം കൊലപാതകം ; ആൺ സുഹൃത്ത് അലൻ അറസ്റ്റിൽ"
english_title: "Chitrapriya's death a murder; boyfriend Alan arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/330481/chitrapriyas-death-a-murder-boyfriend-alan-arrested"
published_at: "2025-12-11T07:04:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a1fe4d5047_1000421433.png"
keywords: []
---

# ചിത്രപ്രിയയുടെ മരണം കൊലപാതകം ; ആൺ സുഹൃത്ത് അലൻ അറസ്റ്റിൽ

> **Lead Summary:** എറണാകുളം : മലയാറ്റൂരിൽ പത്തൊമ്പതുകാരി ചിത്രപ്രിയയുടെ കൊലപാതകത്തിൽ ആൺ സുഹൃത്ത് അലൻ അറസ്റ്റിൽ. കസ്റ്റഡിയിലെടുത്ത അലൻറെ അറസ്റ്റ് ഇന്ന് വൈകിട്ടോടെയാണ് കാലടി പൊലീസ് രേഖപ്പെടുത്തിയത്.

## Article Content

എറണാകുളം : മലയാറ്റൂരിൽ പത്തൊമ്പതുകാരി ചിത്രപ്രിയയുടെ കൊലപാതകത്തിൽ ആൺ സുഹൃത്ത് അലൻ അറസ്റ്റിൽ. കസ്റ്റഡിയിലെടുത്ത അലൻറെ അറസ്റ്റ് ഇന്ന് വൈകിട്ടോടെയാണ് കാലടി പൊലീസ് രേഖപ്പെടുത്തിയത്.

തലക്കേറ്റ ഗുരുതര പരിക്കാണ് 19കാരിയായ ചിത്രപ്രിയയുടെ മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിക്ക് മറ്റൊരു ആൺ സുഹൃത്തുണ്ടെന്ന സംശയത്തിൽ അലൻ കല്ലുകൊണ്ട് തലക്ക് അടിച്ചു കൊല്ലുകയായിരുന്നു. മദ്യ ലഹരിയിലായിരുന്നു കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി.

ശനിയാഴ്‌ച മുതൽ കാണാതായ പെൺകുട്ടിയെ ഇന്നലെ വൈകിട്ടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിൻറെ മകളായ ചിത്രപ്രിയ ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിനിയാണ്.

അമ്പലത്തിലെ ഉത്സവത്തിനായാണ് ചിത്രപ്രിയ ബെംഗളൂരുവിൽ നിന്ന് മലയാറ്റൂലെത്തിയത്. എന്നാൽ, ശനിയാഴ്‌ച വൈകിട്ട് മുതൽ ചിത്രപ്രിയയെ കാണാതായി. കടയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ചിത്രപ്രിയ വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നീട് തിരിച്ചെത്തിയില്ല. അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

മകളെ കാണാതായതോടെ വീട്ടുകാർ കാലടി പൊലീസിന് പരാതി നൽകി. കാണാതായ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ ചിത്രപ്രിയയുടെ ആൺ സുഹൃത്ത് അലനെയും വിളിപ്പിച്ചു മൊഴി എടുത്തിരുന്നു. അതിനുശേഷം വിട്ടയിച്ചു. അതിനിടെയാണ് ഇന്നലെ വൈകിട്ട് നാല് മണിയോടെ മലയാറ്റൂർ നക്ഷത്ര തടാകത്തിനരികിൽ ഒഴിഞ്ഞ പറമ്പിൽ ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തുന്നത്.

തലക്ക് ആഴത്തിൽ അടിയേറ്റതാണ് മരണകാരണമെന്ന് ആദ്യമേ തന്നെ വ്യക്തമായിരുന്നു. പെൺകുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. ചിത്രപ്രിയയും ആൺസുഹൃത്ത് അലനും ഒരുമിച്ച് മലയാറ്റൂർ ജംഗ്ഷൻ വഴി ബൈക്കിൽ പോകുന്ന സി.സി.ടി.വി ദൃശ്യവും ഇതിനിടെ പൊലീസിന് ലഭിച്ചിരുന്നു. ഇതോടെ നേരത്തെ മൊഴിയെടുത്ത് വിട്ടയച്ച ചിത്രപ്രിയയുടെ ആൺ സുഹൃത്ത് അലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്നുള്ള വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/330481/chitrapriyas-death-a-murder-boyfriend-alan-arrested)