---
title: "മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക് ; ആവേശ - ആരവത്തിൽ കൊട്ടിക്കലാശം ,  വിജയ പ്രതീക്ഷയിൽ മുന്നണികൾ"
english_title: "The day after tomorrow, people go to the polling booth; excitement and noise are heard, and the fronts are hopeful of victory."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/329898/the-day-after-tomorrow-people-go-to-the-polling-booth-excitement-and-noise-are-heard-and-the-fronts-are-hopeful-of-victory"
published_at: "2025-12-07T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69358a41479fb_1000418097.png"
keywords: []
---

# മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക് ; ആവേശ - ആരവത്തിൽ കൊട്ടിക്കലാശം ,  വിജയ പ്രതീക്ഷയിൽ മുന്നണികൾ

> **Lead Summary:** തിരുവനന്തപുരം : തദ്ദേശപ്പോരിൻ്റെ പൊലിമ കൂട്ടുന്ന കൊട്ടിക്കലാശം അവസാനിച്ചു.

## Article Content

തിരുവനന്തപുരം : തദ്ദേശപ്പോരിൻ്റെ പൊലിമ കൂട്ടുന്ന കൊട്ടിക്കലാശം അവസാനിച്ചു.

വോട്ടുറപ്പിക്കാനും സ്ഥാനാർത്ഥികളുടെ പേര് ജനങ്ങളുടെ മനസിൽ പതിപ്പിക്കാനുമുള്ള നെട്ടോട്ടത്തിൻ്റെ അവസാന ദിനമായ ഇന്ന് സംസ്ഥാനത്ത് രാഷ്ട്രീയ പാർട്ടികളുടെ പൊടിപാറുന്ന കൊട്ടിക്കലാശമായിരുന്നു അരങ്ങേറിയത്.

സംസ്ഥാനത്ത് തെക്ക് മുതൽ മധ്യകേരളം വരെ ഏഴ് ജില്ലകളിലാണ് ഇന്ന് ആവേശ-ആരവത്തിന്റെ കൊട്ടിക്കലാശം നടന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യപ്രചാരണമാണ് ഇന്ന് വൈകീട്ട് ആറ് മണിയോടെ അവസാനിച്ചത്. ഈ ആവേശത്തിൻ്റെ ആർജവത്തോടെ 1.32 കോടി വോട്ടർമാർ ചൊവ്വാഴ്‌ച ജനവിധി തീരുമാനിക്കും.

കൊട്ടിക്കലാശം നടന്ന ജില്ലകളുടെ മുക്കിലും മൂലയിലും വരെ വലിയ ആവേശ പ്രകടനമാണ് നടന്നത്. സംഘർഷം ഒഴിവാക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ പൊലീസിനെ നിയോഗിച്ചിരുന്നു. സംസ്ഥാനത്ത് വോട്ടെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.

തെരഞ്ഞെടുപ്പിൻ്റെ ഒന്നാംഘട്ടത്തിലാണ് ചൊവ്വാഴ്ച്ച ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് നടക്കുക. ബാക്കി കാസർകോട് മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ ഡിസംബർ 11നാണ് വോട്ടെടുപ്പ്. ഒൻപതിന് പരസ്യപ്രചാരണം അവസാനിക്കും. പരസ്യപ്രചാരണത്തിന് പരമാവധി ആവേശം നിറയ്ക്കാൻ രാഷ്ട്രീയ പാർട്ടികൾക്കും മുന്നണികൾക്കും സാധിച്ചുവെന്നാണ് വിലയിരുത്തൽ. 20 ദിവസം നീണ്ടുനിന്ന പ്രചാരണത്തിനാണ് ഇന്ന് വൈകുന്നേരം ആറ് മണിയോടെ തിരശ്ശീല വീണത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/329898/the-day-after-tomorrow-people-go-to-the-polling-booth-excitement-and-noise-are-heard-and-the-fronts-are-hopeful-of-victory)