---
title: "ചാരപ്രവൃത്തി ആരോപണം ; എയർഫോഴ്‌സ് ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെടുത്ത സ്ത്രീ അറസ്റ്റിൽ"
english_title: "Woman arrested for duping Air Force officer of Rs 12 lakh on espionage charges."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/329586/woman-arrested-for-duping-air-force-officer-of-rs-12-lakh-on-espionage-charges"
published_at: "2025-12-05T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6932f18345119_1000416288.png"
keywords: []
---

# ചാരപ്രവൃത്തി ആരോപണം ; എയർഫോഴ്‌സ് ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെടുത്ത സ്ത്രീ അറസ്റ്റിൽ

> **Lead Summary:** പുതുശേരി: പാകിസ്‌താൻ തീവ്രവാദ സംഘടനയുമായി ചാരപ്രവൃത്തി നടത്തിയെന്ന് ആരോപിച്ച് റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെടുത്ത സ്ത്രീ അറസ്റ്റിൽ.

## Article Content

പുതുശേരി: പാകിസ്‌താൻ തീവ്രവാദ സംഘടനയുമായി ചാരപ്രവൃത്തി നടത്തിയെന്ന് ആരോപിച്ച് റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെടുത്ത സ്ത്രീ അറസ്റ്റിൽ.

മലപ്പുറം കോരൻകോട് കോലത്തൊടി ആലിപ്പറമ്പിൽ ഹസീന (37)യെയാണ് വ്യാഴം രാത്രി അറസ്റ്റ് ചെയ്‌തത്. ഇവരുടെ ഭർത്താവ് അബ്‌ദുൽ റസാഖും സുഹൃത്തും രക്ഷപ്പെട്ടു. ചന്ദ്രനഗർ സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്.

മൂന്ന് മാസംമുമ്പാണ് സംഭവം. സർവീസിലുള്ളപ്പോൾ പാകിസ്‌താൻ തീവ്രവാദ സംഘടനയുമായി ചാരപ്രവൃത്തി നടത്തിയെന്നും കോടതിയിൽ കേസുണ്ടെന്നുമുള്ള വ്യാജരേഖകൾ ഹാജരാക്കിയാണ് ഇദ്ദേഹത്തെ സമീപിച്ചതെന്നും പൊലീസ് പറയുന്നു.

കള്ളക്കേസാണെന്നും രക്ഷപ്പെടുത്താമെന്നും പറഞ്ഞു. അക്കൗണ്ടിലെ പണം മാറ്റി സൂക്ഷിക്കണമെന്നും ഉദ്യോഗസ്ഥനോട് സംഘം നിർദേശിച്ചു. ഇത് വിശ്വസിച്ച് ഇയാൾ ഏഴുലക്ഷം രൂപ ഹസീനയുടെ ചെർപ്പുളശേരിയിലെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്കും അഞ്ചുലക്ഷം രൂപ അബ്‌ദുൽ റസാഖിൻ്റെ അക്കൗണ്ടിലേക്കും മാറ്റി. ഹസീനയുടെ അക്കൗണ്ടിലെ പണം എടിഎം വഴി അബ്‌ദുൽ റസാഖും സുഹൃത്തും പിൻവലിച്ചു.

പിന്നീട് ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങിയതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. തുടർന്ന്, കസബ പൊലീസ്, സൈബർ പൊലീസ് സഹായത്തോടെ ബാങ്ക് അക്കൗണ്ടും ഫോൺ കോളുകളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

കസബ ഇൻസ്പെക്ടർ എം സുജിത്ത്, എസ്പെ്ഐ എച്ച് ഹർഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൂടുതൽ പ്രതികളുണ്ടെന്നാണ് നിഗമനമെന്ന് കസബ ഇൻസ്പെക്ടർ എം സുജിത്ത് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/329586/woman-arrested-for-duping-air-force-officer-of-rs-12-lakh-on-espionage-charges)