---
title: "രാഹുൽ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി ; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി"
english_title: "A major setback for Rahul Mangkootatil; Court rejects anticipatory bail plea."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/329374/a-major-setback-for-rahul-mangkootatil-court-rejects-anticipatory-bail-plea"
published_at: "2025-12-04T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6931637dc62c3_1000414997.png"
keywords: []
---

# രാഹുൽ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി ; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

> **Lead Summary:** തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി. രാഹുൽ മാങ്കൂട്ടത്തിലിൻറെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. രാഹുലിൻറെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായിരുന്നു.

## Article Content

തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി. രാഹുൽ മാങ്കൂട്ടത്തിലിൻറെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. രാഹുലിൻറെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായിരുന്നു.

ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനുശേഷമാണിപ്പോൾ ജാമ്യം തള്ളിയുള്ള സുപ്രധാന വിധി. ഇന്നലെയും ഇന്നും രാഹുലിൻറെ ജാമ്യാപേക്ഷയിൽ ഇരുവിഭാഗത്തിൻറെയും വാദം നടന്നിരുന്നു. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്.

ഇന്നലെ ഒന്നര മണിക്കൂർ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇന്ന് പുതിയ തെളിവടക്കം പരിശോധിച്ചശേഷമാണ് കോടതി വാദം പൂർത്തിയാക്കിയത്. രാഹുലിൻറെ അറസ്റ്റ് തടയണമെന്നായിരുന്നു പ്രതിഭാഗത്തിൻറെ പ്രധാന ആവശ്യം. എന്നാൽ, പ്രതിഭാഗത്തിൻറെ വാദം തള്ളികൊണ്ടാണിപ്പോൾ മുൻകൂർ ജാമ്യം നിഷേധിച്ചത്.

രണ്ടു ബലാത്സംഗ കേസുകളാണ് രാഹുലിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇന്ന് വാദം നടന്നപ്പോൾ പുതുതായി രജിസ്റ്റർ ചെയ്ത്‌ ബലാത്സം കേസിനെ എതിർത്തും പ്രതിഭാഗം വാദിച്ചു. മുൻകൂർ ജാമ്യാപേക്ഷ തടയാൻ മനപ്പൂർവം കെട്ടിച്ചമച്ച കേസാണിതെന്നാണ് പ്രതിഭാഗം വാദിച്ചത്. ആരാണ് പരാതിക്കാരിയെന്നുപോലും അറിയാത്ത വ്യാജ പരാതിയാണെന്നാണ് രാഹുലിൻറെ വാദം.

ഇതിനിടെ, ഇന്ന് 25 മിനുട്ട് നീണ്ടുനിന്ന വാദത്തിനിടെ രാഹുലിനെതിരെ മറ്റൊരു തെളിവുകൂടി പ്രോസിക്യൂഷൻ ഹാജരാക്കി. ഇരുവരും തമ്മിലുള്ള ചാറ്റിൻറെ സ്ക്രീൻ ഷോട്ടാണ് ഹാജരാക്കിയത്. പീഡനത്തിനും നിർബന്ധിച്ചുള്ള ഗർഭഛിദ്രത്തിനും തെളിവുണ്ടെന്നും രാഹുൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് പ്രോസിക്യൂഷൻറെ വാദം.

നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗർഭധാരണത്തിന് ആവശ്യപ്പെട്ടശേഷം നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. അശാസ്ത്രീയ ഗർഭചിത്രം മൂലം യുവതിയുടെ ജീവൻ അപകടത്തിലായെന്ന ഡോക്ടറുടെ നിർണായക മൊഴിയും പ്രോസിക്യൂഷൻ ഹാജരാക്കി.

പ്രതിക്ക് ജാമ്യം നൽകരുതെന്നും സമാനമായ കുറ്റകൃത്യത്തിലേർപ്പെടുന്നയാളാണെന്നും തെളിവ് നശിപ്പിക്കാൻ ഇടയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. രാഹുൽ ഒളിവിലാണെന്ന കാര്യവും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

രാഹുൽ യുവതിയുടെ ഫ്ലാറ്റിലെത്തി ആത്മഹത്യാഭീഷണി മുഴക്കി സമ്മർദം ചെലുത്തിയതിനെതുടർന്നാണ് രാഹുലിൻറെ സുഹൃത്തായ ജോബിയിൽ നിന്ന് ഗുളിക വാങ്ങേണ്ടിവന്നതെന്നാണ് യുവതിയുടെ മൊഴിയെന്നും ഉഭയസമ്മതപ്രകാരമായിരുന്നില്ല ലൈംഗിക ബന്ധമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഗുളിക കൊണ്ടുവരാൻ പെൺകുട്ടി ആവശ്യപ്പെടുന്ന ഓഡിയോ പ്രതിഭാഗം കോടതിയിൽ കൈമാറിയുന്നു. ഇതിന് മറുപടിയായിട്ടാണ് രാഹുൽ ആത്മഹത്യാഭീഷണി മുഴക്കിയ കാര്യം പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/329374/a-major-setback-for-rahul-mangkootatil-court-rejects-anticipatory-bail-plea)