---
title: "കുളിമുറിയിലെ ഹീറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ച് യുവതിക്ക് ദാരുണാന്ത്യം"
english_title: "Woman dies after inhaling toxic gas from bathroom heater."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/329172/woman-dies-after-inhaling-toxic-gas-from-bathroom-heater"
published_at: "2025-12-03T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692ffb7735365_1000380060.png"
keywords: []
---

# കുളിമുറിയിലെ ഹീറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ച് യുവതിക്ക് ദാരുണാന്ത്യം

> **Lead Summary:** ബെംഗളൂരു : കുളിമുറിയിലെ ഹീറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ച് യുവതി മരിച്ചു. ബെംഗളൂരു മദനായകഹള്ളിയിൽ ഹാസൻ സ്വദേശിനിയായ ഭൂമികയാണ് മരിച്ചത്. തിങ്കളാഴ്ച പകലായിരുന്നു സംഭവം.

## Article Content

ബെംഗളൂരു : കുളിമുറിയിലെ ഹീറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ച് യുവതി മരിച്ചു. ബെംഗളൂരു മദനായകഹള്ളിയിൽ ഹാസൻ സ്വദേശിനിയായ ഭൂമികയാണ് മരിച്ചത്. തിങ്കളാഴ്ച പകലായിരുന്നു സംഭവം.

സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ ഭൂമികയുടെ ഭർത്താവ് കൃഷ്‌ണമൂർത്തി വൈകീട്ട് ജോലികഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഭൂമികയെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

വീട്ടിലെത്തി വാതിലിൽ മുട്ടിയിട്ടും ഫോണിൽ വിളിച്ചിട്ടും പ്രതികരണമുണ്ടാകാതെ വന്നതോടെ, അയൽക്കാരുടെ സഹായത്തോടെ കൃഷ്‌ണമൂർത്തി വാതിൽ കുത്തിത്തുറക്കുകയായിരുന്നു. വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഹീറ്ററിൽനിന്ന് വാതകച്ചോർച്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.

നാലുമാസം മുൻപായിരുന്നു ഭൂമികയുടെയും കൃഷ്‌ണമൂർത്തിയുടെയും വിവാഹം. രണ്ടാഴ്‌ച മുൻപാണ് ഇരുവരും ഈ വീട്ടിലേക്ക് താമസം മാറ്റിയത്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/329172/woman-dies-after-inhaling-toxic-gas-from-bathroom-heater)