---
title: "നാലുവയസ്സുള്ള നഴ്‌സറി വിദ്യാർഥിനിയ്ക്ക് ക്രൂരമർദ്ദനം ; സ്കൂൾ ജീവനക്കാരി അറസ്റ്റിൽ "
english_title: "Four-year-old nursery student brutally assaulted; School employee arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/328794/four-year-old-nursery-student-brutally-assaulted-school-employee-arrested"
published_at: "2025-12-01T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d3f080d7d3_1000411546.png"
keywords: []
---

# നാലുവയസ്സുള്ള നഴ്‌സറി വിദ്യാർഥിനിയ്ക്ക് ക്രൂരമർദ്ദനം ; സ്കൂൾ ജീവനക്കാരി അറസ്റ്റിൽ 

> **Lead Summary:** ഹൈദരാബാദ് : നാലുവയസ്സുള്ള നഴ്‌സറി വിദ്യാർഥിനിയെ ക്രൂരമായി ഉപദ്രവിച്ച സ്‌കൂൾ ജീവനക്കാരി അറസ്റ്റിൽ. ഹൈദരാബാദ് ഷാഹ്‌പുർ നഗറിലെ സ്വകാര്യ സ്‌കൂളിലെ ജീവനക്കാരിയായ ലക്ഷ്‌മിയെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്.

## Article Content

ഹൈദരാബാദ് : നാലുവയസ്സുള്ള നഴ്‌സറി വിദ്യാർഥിനിയെ ക്രൂരമായി ഉപദ്രവിച്ച സ്‌കൂൾ ജീവനക്കാരി അറസ്റ്റിൽ. ഹൈദരാബാദ് ഷാഹ്‌പുർ നഗറിലെ സ്വകാര്യ സ്‌കൂളിലെ ജീവനക്കാരിയായ ലക്ഷ്‌മിയെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്.

നാലുവയസ്സുകാരിയെ സ്‌കൂളിലെ ശൗചാലയത്തിന് സമീപത്തുവെച്ച് ജീവനക്കാരി മർദ്ദിക്കുന്നതിൻ്റെ വീഡിയോദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിയെ അറസ്റ്റ്ചെയ്‌തത്.

സ്‌കൂൾ പ്രവർത്തനസമയത്തിന് ശേഷമാണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ അമ്മ സ്‌കൂളിലെ ബസ് ജീവനക്കാരിയാണ്. ഇവർ സ്‌കൂൾ ബസിൽ കുട്ടികളെ കൊണ്ടുവിടാൻപോയ സമയത്താണ് മറ്റൊരു ജീവനക്കാരിയായ ലക്ഷ്‌മി കുട്ടിയെ മർദ്ദിച്ചത്.

സ്‌കൂളിലെ ശൗചാലയത്തിന് സമീപത്തേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയ പ്രതി, കുട്ടിയുടെ തലയ്ക്കടിക്കുന്നതും നിലത്തേക്ക് തള്ളിയിടുന്നതും നിലത്തിട്ട് കുട്ടിയെ ഉരുട്ടുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.

സ്‌കൂളിന്റെ അയൽപ്പക്കത്ത് താമസിക്കുന്നയാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. തുടർന്ന് വീഡിയോ പുറത്തുവന്നതോടെ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയും പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.

കുട്ടിയുടെ അമ്മയോട് സഹപ്രവർത്തകയായ ലക്ഷ്മിയ്ക്ക് വൈരാഗ്യമുണ്ടായിരുന്നതായും ഇതാണ് കുട്ടിയെ മർദ്ദിക്കാൻ കാരണമായതെന്നും പോലീസ് പറഞ്ഞു. ചെറുപ്പക്കാരിയായ കുട്ടിയുടെ അമ്മ ജോലിക്ക് വന്നതോടെ തൻ്റെ ജോലി പോകുമെന്ന് ലക്ഷ്മ‌ി ഭയപ്പെട്ടിരുന്നതായും പോലീസ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/328794/four-year-old-nursery-student-brutally-assaulted-school-employee-arrested)