---
title: "ബന്ധുവിന്റെ പ്രണയാഭ്യർത്ഥന നിരസിച്ചു ; യുവതിയെ ബന്ധു വെടിവെച്ച് കൊന്നു  "
english_title: "Woman shot dead by relative after rejecting her relative's love proposal"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/328510/woman-shot-dead-by-relative-after-rejecting-her-relatives-love-proposal"
published_at: "2025-11-29T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692a9a5ba0303_cousin.jpg"
keywords: []
---

# ബന്ധുവിന്റെ പ്രണയാഭ്യർത്ഥന നിരസിച്ചു ; യുവതിയെ ബന്ധു വെടിവെച്ച് കൊന്നു  

> **Lead Summary:** കൗശാംബി : ഉത്തർപ്രദേശിലെ കൗശാംബിയിൽ ബന്ധുവിന്റെ പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ കസിൻ വെടിവെച്ച് കൊന്നു. 24കാരിയായ ദീപിക തിവാരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

## Article Content

കൗശാംബി : ഉത്തർപ്രദേശിലെ കൗശാംബിയിൽ ബന്ധുവിന്റെ പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ കസിൻ വെടിവെച്ച് കൊന്നു. 24കാരിയായ ദീപിക തിവാരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

ഉനോ ഗ്രാമത്തിലെ സ്വന്തം വീട്ടിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. 2022ൽ വിവാഹിതയായ ദീപികക്ക് ഒന്നര വയസ്സുള്ള ഒരു മകനുണ്ട്. സംഭവദിവസം അക്രമി വീട്ടിലേക്ക് അതിക്രമിച്ച് കയറി ദീപികയുടെ തലയ്ക്ക് ഒരു തവണ വെടിവെക്കുകയായിരുന്നു.

പ്രതിയായ അജിത് കുമാർ മിശ്ര (28), കൊല്ലപ്പെട്ട ദീപികയുടെ മാതൃസഹോദരിയുടെ മകനാണ്. വിവാഹത്തിന് ശേഷവും അജിത്തിന് ദീപികയോട് ഏകപക്ഷീയമായ അടുപ്പമുണ്ടായിരുന്നു എന്നും ബന്ധം തുടരാൻ ഇയാൾ നിർബന്ധം ചെലുത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. എന്നാൽ ദീപിക ഈ ബന്ധത്തോട് ഒട്ടും താൽപ്പര്യം കാണിക്കാതെ നിരസിക്കുകയായിരുന്നു.

> "നിർബന്ധിച്ചപ്പോൾ യുവതി വഴങ്ങാൻ കൂട്ടാക്കിയില്ല. ഇതേത്തുടർന്നാണ് ഇയാൾ വീട്ടിലെത്തി വെടിവെച്ചത്. സംഭവത്തിന് ശേഷം പ്രതി നേരിട്ട് പൊലീസ് സ്റ്റേഷനിൽ എത്തി ആയുധം സഹിതം കീഴടങ്ങി," അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് രാജേഷ് സിംഗ് അറിയിച്ചു.പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/328510/woman-shot-dead-by-relative-after-rejecting-her-relatives-love-proposal)