---
title: " പോക്കുവരവിന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ്‌  വിജിലൻസിന്റെ പിടിയിൽ "
english_title: "Village assistant caught by vigilance while accepting bribe for commuting"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/328482/village-assistant-caught-by-vigilance-while-accepting-bribe-for-commuting"
published_at: "2025-11-29T11:19:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692a89b69aef5_vijilanve.jpg"
keywords: []
---

#  പോക്കുവരവിന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ്‌  വിജിലൻസിന്റെ പിടിയിൽ 

> **Lead Summary:** പെരുമ്പാവൂർ : പോക്കുവരവ് നടത്തി കരം തീർത്ത് നൽകുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ വിജിലൻസ് അറസ്‌റ്റ്‌ ചെയ്‌തു.

## Article Content

പെരുമ്പാവൂർ : പോക്കുവരവ് നടത്തി കരം തീർത്ത് നൽകുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ വിജിലൻസ് അറസ്‌റ്റ്‌ ചെയ്‌തു.

വേങ്ങൂർ വെസ്റ്റ് വില്ലേജ് ഓഫീസിലെ അസിസ്റ്റന്റ്‌ വേങ്ങൂർ സ്വദേശി എം ജിബി മാത്യുവിനെയാണ് എറണാകുളം വിജിലൻസ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ വെള്ളി വൈകിട്ട് 3.50ന് പിടികൂടിയത്.

പുളിക്കൽ സ്വദേശിയായ വസ്തു ഉടമ കുറുപ്പംപടിയിലെ റവന്യു സർവീസസ് കൺസൾട്ടൻസി സ്ഥാപനത്തിൽ വസ്തു ഭാഗപത്രം ചെയ്യുന്നതിനും പോക്കുവരവ് ചെയ്ത് കരം തീർത്ത് നൽകുന്നതിനും ഏൽപ്പിച്ചിരുന്നു. കുറുപ്പംപടി സബ് രജിസ്ട്രാർ ഓഫീസിൽ ഭാഗപത്രം രജിസ്റ്റർ ചെയ്തശേഷം വേങ്ങൂർ വെസ്റ്റ് വില്ലേജ് ഓഫീസിൽ പോക്കുവരവിനായി അപേക്ഷ നൽകി.

താലൂക്ക് ഓഫീസിലെ സബ്ഡിവിഷനിൽ അപേക്ഷയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വില്ലേജിലേക്ക് അയച്ചെങ്കിലും പോക്കുവരവ് നടത്തി കരം ഒടുക്കി കിട്ടുന്നതിന് ജിബി മാത്യുവിനെ സമീപിച്ചപ്പോൾ 5000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടർന്നാണ് കൺസൾട്ടന്റ്‌ വിജിലൻസിനെ സമീപിച്ചത്.

വിജിലൻസിന്റെ നിർദേശപ്രകാരം പരാതിക്കാരൻ കൊടുത്ത 5000 രൂപ വാങ്ങുന്പോൾ ജിബി മാത്യുവിനെ കൈയോടെ പിടികൂടുകയായിരുന്നു. ശനിയാഴ്‌ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.ഇ‍ൗവർഷം ഇതുവരെ 51 ട്രാപ്പ് കേസുകളിൽനിന്നായി ഉദ്യോഗസ്ഥരും ഇടനിലക്കാരും ഉൾപ്പെടെ 69 പ്രതികളെയാണ് വിജിലൻസ് അറസ്റ്റ്‌ ചെയ്തത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/328482/village-assistant-caught-by-vigilance-while-accepting-bribe-for-commuting)