---
title: "പട്ടാപ്പകൽ, അച്ഛനൊപ്പം സ്‌കൂട്ടറിൽ വന്ന ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം"
english_title: "Attempted kidnapping of six-year-old girl riding scooter with father in broad daylight."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/327504/attempted-kidnapping-of-six-year-old-girl-riding-scooter-with-father-in-broad-daylight"
published_at: "2025-11-23T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692318f0c0567_1000403534.png"
keywords: []
---

# പട്ടാപ്പകൽ, അച്ഛനൊപ്പം സ്‌കൂട്ടറിൽ വന്ന ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

> **Lead Summary:** മഥുര: പട്ടാപ്പകൽ, അച്ഛനൊപ്പം സ്‌കൂട്ടറിൽ വന്ന ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം.

## Article Content

മഥുര: പട്ടാപ്പകൽ, അച്ഛനൊപ്പം സ്‌കൂട്ടറിൽ വന്ന ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം.

സംഭവത്തിൻറെ സിസിടിവി ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഏറെ ശ്രമപ്പെട്ട്, അക്രമിയുടെ കൈയിൽപ്പെടാതെ കുട്ടിയെയുംകൊണ്ട് മുന്നോട്ടുപോകാൻ പിതാവിന് കഴിയുന്നതും ദൃശ്യങ്ങളിലുണ്ട്. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം.

മഥുരയിലെ കാഡ്‌ല ഏരിയയിലാണ് പട്ടാപ്പകൽ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പിതാവിനൊപ്പം സ്‌കൂട്ടറിൽ വരുമ്പോഴാണ് മുഖംമൂടി ധരിച്ചയാൾ റോഡിന് നടുക്ക് നിന്ന് നിർത്താൻ ആവശ്യപ്പെടുന്നത്. ഇയാൾ സ്‌കൂട്ടറിൻറെ മുൻവശത്ത് നിൽക്കുകയായിരുന്ന കുട്ടിയെ വലിച്ചെടുക്കാൻ ശ്രമിച്ചു. എന്നാൽ മനസാന്നിദ്ധ്യം കൈവിടാതെ, ഇയാളെ തള്ളിമാറ്റി പിതാവ് സ്‌കൂട്ടർ മുന്നോട്ടെടുക്കുന്നതാണ് വീഡിയോ ദൃശ്യത്തിലുള്ളത്.

മറ്റൊരാൾക്കൊപ്പം ബൈക്കിലെത്തിയ ശേഷമാണ് അക്രമി റോഡിന് നടുക്ക് നിന്ന് പിന്നാലെ വന്ന സ്‌കൂട്ടർ തടയുന്നത്. അക്രമിയെ ധീരമായി ചെറുക്കുകയും കുട്ടിയെ സംരക്ഷിക്കുകയും ചെയ്‌ത പിതാവിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്. ഈ സംഭവം പ്രദേശത്തെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/327504/attempted-kidnapping-of-six-year-old-girl-riding-scooter-with-father-in-broad-daylight)