---
title: " പത്താം ക്ലാസ് വിദ്യാർഥി മെട്രോ സ്റ്റേഷനിൽ നിന്നുചാടി ജീവനൊടുക്കി ; അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പ് ബാഗിൽ നിന്നും കണ്ടെത്തി"
english_title: "Class 10 student commits suicide by jumping from metro station; suicide note found in bag alleging mental torture by teachers"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/326933/class-10-student-commits-suicide-by-jumping-from-metro-station-suicide-note-found-in-bag-alleging-mental-torture-by-teachers"
published_at: "2025-11-20T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ee3d30a116_drryh.jpg"
keywords: []
---

#  പത്താം ക്ലാസ് വിദ്യാർഥി മെട്രോ സ്റ്റേഷനിൽ നിന്നുചാടി ജീവനൊടുക്കി ; അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പ് ബാഗിൽ നിന്നും കണ്ടെത്തി

> **Lead Summary:** ന്യൂഡൽഹി: പത്താം ക്ലാസ് വിദ്യാർഥി മെട്രോ സ്റ്റേഷനിൽ നിന്നുചാടി ജീവനൊടുക്കി. അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് ബാഗിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

## Article Content

ന്യൂഡൽഹി: പത്താം ക്ലാസ് വിദ്യാർഥി മെട്രോ സ്റ്റേഷനിൽ നിന്നുചാടി ജീവനൊടുക്കി. അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് ബാഗിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

രാജ്യ തലസ്ഥാനത്തെ പ്രമുഖ സ്‌കൂളിലെ പ്രിൻസിപ്പലിനും മറ്റ് മൂന്നു അധ്യാപകർക്കുമെതിരെ ഗുരുതരമായ ആരോപണമാണ് കത്തിലുള്ളത്. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നതാണ് തന്റെ അവസാന ആഗ്രഹമെന്ന് കത്തിൽ പറയുന്നുണ്ട്. മാനസിക പീഡനത്തെ തുടർന്നാണ് കുട്ടി ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന് ചൂണ്ടിക്കാട്ടി പിതാവ് പൊലീസിന് പരാതി നൽകി. ആത്മഹത്യാക്കുറിപ്പിൽ എല്ലായിപ്പോഴും തന്നെ പിന്തുണച്ച അമ്മയോട് ക്ഷമാപണം നടത്തുകയാണ് കുട്ടി.

സ്‌കൂളിൽ നടക്കുന്ന കാര്യങ്ങളിൽ മൂലം തനിക്ക് വേറെ മാർഗമില്ലെന്നും മറ്റൊരു വിദ്യാർഥിക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കാൻ പ്രിൻസിപ്പൽ അടക്കമുള്ള അധ്യാപകർക്കെതിരെ നടപടി ഉണ്ടാവമെന്നും കത്തിൽ പറയുന്നുണ്ട്. ഈ കത്ത് ലഭിക്കുന്നവർ ഇതിലെ ഫോൺ നമ്പറിൽ വിളിക്കണം. പല തവണ അമ്മയുടെ ഹൃദയം വേദനിപ്പിച്ചിട്ടുണ്ട്. ഇത് അവസാനത്തേതാണ്, അമ്മ ക്ഷമിക്കണം.

സ്‌കൂളിലെ അധ്യാപകരൊക്കെ എന്താ ഇങ്ങനെ, ഞാൻ എന്ത് പറയാനാണ്? - കത്തിൽ പറയുന്നു. ഒപ്പം തന്റെ അവയവങ്ങൾ പ്രവർത്തനക്ഷമമാണെങ്കിൽ അത് ആവശ്യമുള്ള ആർക്കെങ്കിലും ദാനം ചെയ്യണമെന്നും 20 വയസുള്ള ജ്യേഷ്ഠനോട് ദേഷ്യപ്പെട്ടതിനും അച്ഛനെ പോലെ നല്ലൊരു മനുഷ്യനാകാൻ കഴിയാത്തതിനും കുട്ടി കത്തിൽ മാപ്പ് അപേക്ഷിക്കുന്നുമുണ്ട്.

തന്നെ എപ്പോഴും പിന്തുണച്ച അമ്മയ്ക്ക് നന്ദി പറയുന്നതിനൊപ്പം ജ്യേഷ്ഠനും പിതാവിനുമായി അത് തുടരണമെന്നും കത്തിൽ വിദ്യാർഥി ആവശ്യപ്പെടുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/326933/class-10-student-commits-suicide-by-jumping-from-metro-station-suicide-note-found-in-bag-alleging-mental-torture-by-teachers)