---
title: "പാഴൂരിൽ കുടിവെള്ളം കിട്ടാതെയായിട്ട് ആറുദിവസം ; ജനങ്ങളിൽ പരാതി രൂക്ഷം "
english_title: "Pazhur has been without drinking water for six days; complaints are rife among the people"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/326905/pazhur-has-been-without-drinking-water-for-six-days-complaints-are-rife-among-the-people"
published_at: "2025-11-20T13:25:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ecb422f9dd_pazhoor.jpg"
keywords: []
---

# പാഴൂരിൽ കുടിവെള്ളം കിട്ടാതെയായിട്ട് ആറുദിവസം ; ജനങ്ങളിൽ പരാതി രൂക്ഷം 

> **Lead Summary:** പിറവം : പാഴൂരിൻ്റ വിവിധ ഭാഗങ്ങളിൽ ജലഅതോറിറ്റിയുടെ കുടിവെള്ളം കിട്ടാതെയായിട്ട് ആറുദിവസം.

## Article Content

പിറവം : പാഴൂരിൻ്റ വിവിധ ഭാഗങ്ങളിൽ ജലഅതോറിറ്റിയുടെ കുടിവെള്ളം കിട്ടാതെയായിട്ട് ആറുദിവസം.

കക്കാട് 110 സബ് സ്റ്റേഷനിൽനിന്ന് പിറവത്തേക്ക് ഭൂഗർഭ കേബിളിലൂടെ വൈദ്യുതി എത്തിക്കാനായി റോഡരികിലൂടെ കേബിൾ സ്ഥാപിക്കുന്നതിനിടയിൽ ജലവിതരണക്കുഴലുകൾ പൊട്ടുന്നതാണ് കുടിവെള്ള വിതരണം തടസ്സപ്പെടുത്തുന്നത്.

റോഡിൽ നിശ്ചിത അകലത്തിൽ താഴ്ത്തിയശേഷം അതിലൂടെ പ്രത്യേക യന്ത്രം (പുഷ്) കടത്തിവിട്ടാണ് കേബിളിനുള്ള പോളി എത്തിലീൻ പൈപ്പ് സ്ഥാപിക്കുന്നത്.

പക്ഷേ കുഴിയെടുക്കുമ്പോഴും യന്ത്രം കടത്തിവിടുമ്പോൾ അതുതട്ടിയും ജലവിതരണക്കുഴലുകൾ തകരുകയാണ്. കുടിവെള്ളം കിട്ടാത്തത് സംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് പരാതി രൂക്ഷമായതോടെ തദ്ദേശതിരഞ്ഞെടുപ്പ് സ്ഥാനാർഥികളടക്കമുള്ളവർ പിറവത്ത് ജല അതോറിറ്റി ഓഫീസിലെത്തി സമരം നടത്തി. തുടർന്ന് സമരക്കാർ അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എൻജിനിയറുമായി ചർച്ച നടത്തി.

കുടിവെള്ളവിതരണം പുനഃസ്ഥാപിക്കാൻ അടിയന്തരമായ നടപടി സ്വീകരിക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയതായി സമരക്കാർ അറിയിച്ചു.പൈപ്പ് അടിക്കടി പൊട്ടുന്ന സാഹചര്യത്തിൽ ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാത്രമേ കേബിൾ പണികൾ ചെയ്യാവൂ എന്നാവശ്യപ്പെട്ട് ജല അതോറിറ്റി വൈദ്യുതി വകുപ്പ് അധികൃതർക്ക് കത്തുനൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/326905/pazhur-has-been-without-drinking-water-for-six-days-complaints-are-rife-among-the-people)