---
title: "തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ; പിറവം നഗരസഭയിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പാർടി വിടാനൊരുങ്ങുന്നു"
english_title: "Only days left for elections; Congress leaders and workers in Piravom Municipality are preparing to leave the party"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/326890/only-days-left-for-elections-congress-leaders-and-workers-in-piravom-municipality-are-preparing-to-leave-the-party"
published_at: "2025-11-20T12:29:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ebd072cbdd_cong.jpg"
keywords: []
---

# തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ; പിറവം നഗരസഭയിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പാർടി വിടാനൊരുങ്ങുന്നു

> **Lead Summary:** പിറവം : പിറവം നഗരസഭയിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പാർടി വിടാനൊരുങ്ങുന്നു. മുൻ നഗരസഭ അധ്യക്ഷൻ സാബു കെ ജേക്കബ്ബാണ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. കോൺഗ്രസ് നേതൃത്വത്തിനൊപ്പം എംഎൽഎകൂടി ചേർന്നാണ് തന്നെയും പ്രവർത്തകരെയും അവഗണിക്കുന്നതെന്ന് സാബു കെ ജേക്കബ് പറഞ്ഞു.

## Article Content

പിറവം : പിറവം നഗരസഭയിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പാർടി വിടാനൊരുങ്ങുന്നു. മുൻ നഗരസഭ അധ്യക്ഷൻ സാബു കെ ജേക്കബ്ബാണ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. കോൺഗ്രസ് നേതൃത്വത്തിനൊപ്പം എംഎൽഎകൂടി ചേർന്നാണ് തന്നെയും പ്രവർത്തകരെയും അവഗണിക്കുന്നതെന്ന് സാബു കെ ജേക്കബ് പറഞ്ഞു.

അഞ്ചു വര്‍ഷമായി കോണ്‍ഗ്രസ്‌ പാർടി മീറ്റിങ്ങുകളിലും യുഡിഎഫ്‌ പൊതുപരിപാടികളില്‍നിന്ന്‌ കാരണംകൂടാതെ മാറ്റിനിര്‍ത്തി. ഇത്തവണത്തെ സ്ഥാനാര്‍ഥി നിര്‍ണയം പ്രവര്‍ത്തകര്‍ക്ക്‌ നിരാശാജനകവും വേദനയും ഉണ്ടാക്കി. ഉമ്മന്‍ചാണ്ടിക്കൊപ്പംനിന്ന ആര്‍ക്കും നീതി ലഭിച്ചില്ല. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പില്‍ നിഷ്പക്ഷത പാലിക്കുമെന്നും തെരഞ്ഞെടുപ്പിനുശേഷം ഉചിതമായ രാഷ്‌ട്രീയ തീരുമാനം എടുക്കുമെന്നും സാബു കെ ജേക്കബ് പറഞ്ഞു. 2010 മുതല്‍ 2015 വരെ പഞ്ചായത്ത്‌ പ്രസിഡന്റായും 2015 മുതല്‍ 2020 വരെ നഗരസഭാ ചെയര്‍മാനായും കെപിസിസി എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ച നേതാവാണ് സാബു. ​

സ്ഥാനാർഥി നിർണയത്തിലെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ച് പിറവം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി തമ്പി പുതുവാക്കുന്നേൽ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. സ്ഥാനാർഥി നിർണയത്തിനെതിരെ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി അനിത സജിയും വാർത്താസമേളനം നടത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/326890/only-days-left-for-elections-congress-leaders-and-workers-in-piravom-municipality-are-preparing-to-leave-the-party)