---
title: "റോഡരികിൽ കിടന്നുറങ്ങിയ പിറവം സ്വദേശിയെ പെട്രോളൊഴിച്ച് തീകൊളുത്തി ; പ്രതി പിടിയിൽ"
english_title: "A Piravom native was set on fire by pouring petrol on him while he was sleeping on the roadside; the accused has been arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/326534/a-piravom-native-was-set-on-fire-by-pouring-petrol-on-him-while-he-was-sleeping-on-the-roadside-the-accused-has-been-arrested"
published_at: "2025-11-18T14:08:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c32337500b_piravom.jpg"
keywords: []
---

# റോഡരികിൽ കിടന്നുറങ്ങിയ പിറവം സ്വദേശിയെ പെട്രോളൊഴിച്ച് തീകൊളുത്തി ; പ്രതി പിടിയിൽ

> **Lead Summary:** കൊച്ചി : കടവന്ത്രയിൽ റോഡരികിൽ കിടന്നുറങ്ങിയ മധ്യവയസ്കനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ.

## Article Content

കൊച്ചി : കടവന്ത്രയിൽ റോഡരികിൽ കിടന്നുറങ്ങിയ മധ്യവയസ്കനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ.

പള്ളുരുത്തി ചെറിയപറമ്പില്‍ എസ് ആന്റണിയെ (ആന്റപ്പന്‍–51)യാണ് കടവന്ത്ര പൊലീസ് അറസ്റ്റ്‌ ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ പിറവം കാരിക്കോട് അഞ്ചുസെന്റ് കോളനിയില്‍ നെല്ലിക്കുഴി ജോസഫ്‌ മാത്യുവിനെ (56) എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തലയുടെ പിന്‍ഭാഗത്തും പുറത്തും കൈകളിലും നെഞ്ചിലും വയറ്റിലുമായി 40 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്.

തിങ്കൾ പുലര്‍ച്ചെ ഒന്നോടെ കടവന്ത്ര സഹോദരൻ അയ്യപ്പൻ റോഡില്‍ ജിസിഡിഎ ജങ്‌ഷന് സമീപത്താണ്‌ സംഭവം. 780–781 മെട്രോ തൂണുകൾക്കിടയിലെ സ്ഥലത്ത്‌ ഉറങ്ങുകയായിരുന്ന ജോസഫിനെ കുപ്പിയില്‍ സൂക്ഷിച്ച പെട്രോൾ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു.

ഇരുവരും ഒരുമിച്ച് നഗരത്തില്‍ വിവിധ ജോലികള്‍ ചെയ്തിരുന്നു. ഒരുമാസംമുമ്പ് ജോസഫിന്റെ പോക്കറ്റില്‍നിന്ന് ആന്റപ്പന്‍ 750 രൂപയെടുത്തു. ഇത്‌ തിരികെ നൽകാത്തതിലെ തർക്കമാണ്‌ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/326534/a-piravom-native-was-set-on-fire-by-pouring-petrol-on-him-while-he-was-sleeping-on-the-roadside-the-accused-has-been-arrested)