---
title: "ആദ്യകൂടിക്കാഴ്ചയിൽ കാമുകന്റെ സ്‌കൂട്ടറും മൊബൈൽ ഫോണും മോഷ്ടിച്ച് കാമുകി മുങ്ങി ; രണ്ട് പേർ പിടിയിൽ "
english_title: "Girlfriend drowns after stealing boyfriend's scooter and mobile phone on first date; two arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/325919/girlfriend-drowns-after-stealing-boyfriends-scooter-and-mobile-phone-on-first-date-two-arrested"
published_at: "2025-11-14T15:21:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6916fbfe2687a_jiuiu8909.jpg"
keywords: []
---

# ആദ്യകൂടിക്കാഴ്ചയിൽ കാമുകന്റെ സ്‌കൂട്ടറും മൊബൈൽ ഫോണും മോഷ്ടിച്ച് കാമുകി മുങ്ങി ; രണ്ട് പേർ പിടിയിൽ 

> **Lead Summary:** കൊച്ചി: ആദ്യകൂടിക്കാഴ്ചയിൽ കാമുകന്റെ സ്‌കൂട്ടറും മൊബൈൽ ഫോണും മോഷ്ടിച്ച് മുങ്ങിയ കാമുകിയും ആണ്‍സുഹൃത്തും പിടിയില്‍.

## Article Content

കൊച്ചി: ആദ്യകൂടിക്കാഴ്ചയിൽ കാമുകന്റെ സ്‌കൂട്ടറും മൊബൈൽ ഫോണും മോഷ്ടിച്ച് മുങ്ങിയ കാമുകിയും ആണ്‍സുഹൃത്തും പിടിയില്‍.

കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചിയിലെ പ്രമുഖ മാളിൽ വെച്ചാണ് യുവാവിന്‍റെ സ്കൂട്ടര്‍ വാട്സാപ്പിലൂടെ പരിചയപ്പെട്ട യുവതി തട്ടിയെടുത്തത്. യുവാവിന്‍റെ പരാതിയില്‍ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കളമശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചോറ്റാനിക്കര സ്വദേശിയായ യുവതിയെ പിടികൂടിയത്. പാലക്കാട് നിന്നാണ് പ്രതിയായ യുവതിയെയും ആൺ സുഹൃത്തിനെയും പിടികൂടിയത്. എറണാകുളം കൈപ്പട്ടൂർ സ്വദേശിയായ 24 കാരന്റെ പുത്തൻ സ്‌കൂട്ടറാണ് യുവതി മോഷ്ടിച്ചത്.

ഒരുമാസം നീണ്ടുനിന്ന പ്രണയത്തിനൊടുവില്‍ കാമുകിയെ ആദ്യമായി കാണാനെത്തിയ യുവാവിനായിരുന്നു പണികിട്ടിയത്. മൂന്ന് മാസം മുന്‍പ് വാങ്ങിയ സ്കൂട്ടറുമായാണ് കാമുകി മുങ്ങിയത്. വാട്ട്സാപ്പില്‍ തെറ്റിയെത്തിയ ഒരു സന്ദേശത്തില്‍ നിന്നാണ് ഇരുവരും പരിചയപ്പെടുന്നത്. ഒരുമാസം നീണ്ടുനിന്ന ചാറ്റിങ് ഒടുവില്‍ പ്രണയത്തിലേക്ക് വഴിമാറി. ഫോട്ടോ പോലും കൈമാറാത്ത പ്രണയത്തിനൊടുവില്‍ ഇരുവരും ആദ്യമായി കാണാമെന്ന് തീരുമാനിച്ചു. കൊച്ചിയിലെ പ്രമുഖ മാളില്‍ വെച്ച് കാണാമെന്ന് ഇരുവരും തീരുമാനിച്ചു. ഇത് പ്രകാരം കഴിഞ്ഞ വെള്ളിയാഴ്ച യുവാവ് മാളിലെത്തി.

മാളിന്റെ പാർക്കിംഗ് ഏരിയയിൽ വച്ച സ്‌കൂട്ടർ തൊട്ടപ്പുറത്തെ കടയ്ക്ക് സമീപം വയ്ക്കണമെന്ന നിർബന്ധത്തിന് വഴങ്ങിയ ശേഷമാണ് യുവതി നേരിൽകാണാൻ തയ്യാറായത്. നേരത്തെ ചാറ്റ് ചെയ്യുന്ന സമയത്തൊരിക്കലും ഇരുവരും ഫോട്ടോ കൈമാറിയിരുന്നില്ല. എന്നാല്‍ കാമുകിക്ക് തന്നേക്കാള്‍ പ്രായമുണ്ടെന്ന് യുവാവ് അപ്പോഴാണ് തിരിച്ചറിഞ്ഞത്. എന്നാല്‍ ഒരേ പ്രായമാണ് എന്ന് പറഞ്ഞ് യുവതി യുവാവിനെ വിശ്വസിപ്പിച്ചു.

മാളിലെ ഫുഡ്കോര്‍ട്ടില്‍ കൊണ്ടുപോയി യുവാവിന്‍റെ ചെലവില്‍ ബിരിയാണിയും ജ്യുസും കഴിച്ചു.യുവാവ് കൈകഴുകാന്‍ പോയ തക്കത്തിന് യുവതി ചാവിയുമായി കടന്നുകളഞ്ഞു. കൈകഴുകി തിരികെ എത്തിയപ്പോള്‍ യുവതിയെ കാണാതായപ്പോള്‍ കാമുകന് പന്തികേട് മണത്തു.മാള്‍ മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. സ്കൂട്ടര്‍ പോയി നോക്കിയപ്പോള്‍ അതും കാണാനില്ല.ഒടുവില്‍ ചതി തിരിച്ചറിഞ്ഞ യുവാവ് ബസില്‍ കയറി വീട്ടിലെത്തി.

പിറ്റേന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ബസിലെ ജോലിക്കാരനായ യുവാവ് ഇഎംഎക്കാണ് മൂന്ന് മാസം മുന്‍പ് സ്കൂട്ടര്‍ വാങ്ങിയത്.പാര്‍ക്കിങ് ഏരിയയില്‍ നിന്ന് സ്കൂട്ടറുമായി യുവതിയും ആണ്‍സുഹൃത്തും കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ഇത് കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ അന്വേഷണം നടന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/325919/girlfriend-drowns-after-stealing-boyfriends-scooter-and-mobile-phone-on-first-date-two-arrested)