---
title: "ജല അതോറിറ്റിയുടെ കൂറ്റൻ വാട്ടർടാങ്ക് തകർന്നു ; വീടുകളിൽ വെള്ളം കയറി"
english_title: "Water Authority's huge water tank breaks; water enters homes."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/325213/water-authoritys-huge-water-tank-breaks-water-enters-homes"
published_at: "2025-11-10T10:55:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691177a1eaedc_1000387670.png"
keywords: []
---

# ജല അതോറിറ്റിയുടെ കൂറ്റൻ വാട്ടർടാങ്ക് തകർന്നു ; വീടുകളിൽ വെള്ളം കയറി

> **Lead Summary:** കൊച്ചി : എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ വാട്ടർടാങ്ക് തകർന്നു. കുത്താപ്പാടിയിലാണ് സംഭവം.

## Article Content

കൊച്ചി : എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ വാട്ടർടാങ്ക് തകർന്നു. കുത്താപ്പാടിയിലാണ് സംഭവം.

വെള്ളം ഇരച്ച് പുറത്തേയ്ക്ക് ഒഴുകി. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. സമീപപ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി.

1.38 കോടി ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കാണ് തകർന്നത്. അപകടം നടക്കുമ്പോൾ 1.10 ലക്ഷം ലിറ്റർ വെള്ളമായിരുന്നു ടാങ്കിൽ ഉണ്ടായിരുന്നത്. ഇതോടെ അതിവേഗത്തിൽ വെള്ളം പുറത്തേയ്ക്ക് ഒഴുകി. തൊട്ടടുത്ത വീടുകളിൽ നിമിഷ നേരം കൊണ്ട് വെള്ളം ഒഴുകിയെത്തി. ചില വീടുകളുടെ ഉൾഭാഗത്ത് വെള്ളം കയറി.

നാട്ടുകാർ വിളിച്ചറിയിച്ചപ്പോഴാണ് അധികൃതരും വാട്ടർ അതോരിറ്റിയും വിവരമറിഞ്ഞത്. കൊച്ചി നഗരത്തിൻറേയും തൃപ്പൂണിത്തുറയുടേയും വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള വെള്ളമാണ് പാഴായത്.

കമ്പ്യൂട്ടർ, വാഷിങ്മെഷീൻ, ഫ്രിഡ്ജ്, മോട്ടർ അടക്കം ചില വീടുകളിൽ വലിയ രീതിയിൽ നാശനഷ്ടമുണ്ടായി. മതിൽ തകർന്നുവീണ് വീടിന് പുറത്ത് നിർത്തിയിട്ട കാറിന് നാശനഷ്ടം സംഭവിച്ചു. അടുത്തിടെ പുതുക്കി പണിത റോഡ് തകർന്നു. ഇരുചക്രവാഹനങ്ങൾ ഒഴുകി പോകുകയും ചെയ്‌തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/325213/water-authoritys-huge-water-tank-breaks-water-enters-homes)