---
title: "സൗഹൃദം ഉപേക്ഷിക്കാൻ ശ്രമിച്ചു ; യുവതിയുടെ നഗ്നവീഡിയോ ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണി , യുവതിയെ വീട്ടിൽ കയറി മർദ്ദിച്ച  യുവാവ് അറസ്റ്റിൽ"
english_title: "Tried to break up friendship; Threatened to send nude video of young woman to her husband, youth arrested for entering woman's house and beating her"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/324626/tried-to-break-up-friendship-threatened-to-send-nude-video-of-young-woman-to-her-husband-youth-arrested-for-entering-womans-house-and-beating-her"
published_at: "2025-11-06T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c610393db8_1000384350.jpg"
keywords: []
---

# സൗഹൃദം ഉപേക്ഷിക്കാൻ ശ്രമിച്ചു ; യുവതിയുടെ നഗ്നവീഡിയോ ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണി , യുവതിയെ വീട്ടിൽ കയറി മർദ്ദിച്ച  യുവാവ് അറസ്റ്റിൽ

> **Lead Summary:** മലപ്പുറം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട ഭർതൃമതിയായ യുവതിയെ വീട്ടിൽ കയറി മർദ്ദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തൃശൂർ ദേശമംഗലം സ്വദേശി യദുകൃഷ്ണനാണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്.

## Article Content

മലപ്പുറം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട ഭർതൃമതിയായ യുവതിയെ വീട്ടിൽ കയറി മർദ്ദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തൃശൂർ ദേശമംഗലം സ്വദേശി യദുകൃഷ്ണനാണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്.

ഫേസ്ബുക്ക് വഴി പരിചയത്തിലായിരുന്ന വളാഞ്ചേരി സ്റ്റേഷൻ പരിധിയിലെ യുവതിയെയാണ്​ ഇയാൾ വീട്ടിൽ കയറി ഉപദ്രവിച്ചത്. നാലു വർഷത്തോളമായി യുവതിയുമായി സൗഹൃദത്തിലായിരുന്നു യദുകൃഷ്ണൻ. ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിക്കാൻ ശ്രമിച്ചതോടെ യുവതിയുടെ നഗ്നവീഡിയോ ഭർത്താവിന് അയച്ചുകൊടുക്കുമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി നിരവധി തവണ യുവതിയെ വീട്ടിൽ വെച്ച് ബലാത്സംഗം ചെയ്തു.

ഒക്ടോബർ 23ന് രാത്രി യുവതിയുടെ വീട്ടിലെത്തിയ ഇയാൾ കതക് തുറക്കാൻ ആവശ്യപ്പെടുകയും വീട്ടിനകത്തേക്ക് കയറി കത്തികാണിച്ച് വധിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ബഹളംകേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. വീണ്ടും ഉപദ്രവം തുടർന്നതോടെ യുവതി ഭർത്താവിനെ കൂട്ടി വളാഞ്ചേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/324626/tried-to-break-up-friendship-threatened-to-send-nude-video-of-young-woman-to-her-husband-youth-arrested-for-entering-womans-house-and-beating-her)