---
title: "ആംബുലൻസ് ട്രാഫിക് സിഗ്നലിൽ ഇടിച്ചു കയറി ദമ്പതിമാർ മരിച്ചു ; . രണ്ട് പേർക്ക് പരിക്ക് "
english_title: "Couple dies after ambulance crashes into traffic signal; two injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/324106/couple-dies-after-ambulance-crashes-into-traffic-signal-two-injured"
published_at: "2025-11-03T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690869af051de_ACCUG.jpg"
keywords: []
---

# ആംബുലൻസ് ട്രാഫിക് സിഗ്നലിൽ ഇടിച്ചു കയറി ദമ്പതിമാർ മരിച്ചു ; . രണ്ട് പേർക്ക് പരിക്ക് 

> **Lead Summary:** ബെംഗളൂരു: അമിതവേഗത്തിലെത്തിയ ആംബുലൻസ് തിരക്കേറിയ ട്രാഫിക് സിഗ്നലിൽ ഇടിച്ചു കയറി ദമ്പതിമാർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. സിഗ്നലിൽ നിർത്തിയിട്ടിരുന്ന വിവിധ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

## Article Content

ബെംഗളൂരു: അമിതവേഗത്തിലെത്തിയ ആംബുലൻസ് തിരക്കേറിയ ട്രാഫിക് സിഗ്നലിൽ ഇടിച്ചു കയറി ദമ്പതിമാർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. സിഗ്നലിൽ നിർത്തിയിട്ടിരുന്ന വിവിധ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

ശനിയാഴ്ച രാത്രി 11 മണിയോടെ ബെംഗളൂരു ശാന്തി നഗർ ബസ് സ്റ്റാൻഡിന് സമീപമുള്ള കെഎച്ച് ജംഗ്ഷനിലെ റിച്ച്മണ്ട് സർക്കിളിൽ വെച്ചാണ് സംഭവം. ദമ്പതിമാർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തെ മീറ്ററുകളോളം വലിച്ചിഴച്ചാണ് ആംബുലൻസ് നിന്നത്.സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ട ആംബുലൻസ് ഡ്രൈവറെ ഞായറാഴ്ച രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തു.

ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച് അതിവേഗതയിൽ എത്തിയ ആംബുലൻസ് നിയന്ത്രണം നഷ്ടപ്പെട്ട് സിഗഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് അടുത്തുള്ള സിഗ്നൽ കൺട്രോൾ പോസ്റ്റിൽ തടഞ്ഞ് നിൽക്കുകയായിരുന്നു.

പ്രദേശവാസികളായ ഇസ്മയിൽ (40) സമീന ബാനു (33) എന്നിവരാണ് മരിച്ചത്. അപകടത്തിന് തൊട്ടുപിന്നാലെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.പരിക്കേറ്റ മറ്റ് രണ്ട് പേരെയും ആശുപത്രിയിലേക്ക് മാറ്റി.

അപടകം നടക്കുമ്പോൾ ആംബുലൻസിൽ രോഗികളോ മറ്റ് യാത്രികരോ ഉണ്ടായിരുന്നില്ല.  സൈറൻ മുഴക്കി അമിത വേഗത്തിലാണ് വാഹനം എത്തിയത്. ഇത്തരത്തിലുള്ള അപകടം ഈ മേഖലയിൽ അടുത്തിടെ രണ്ടാമത്തെയാണെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/324106/couple-dies-after-ambulance-crashes-into-traffic-signal-two-injured)