---
title: "പൂട്ട് തല്ലിപ്പൊളിച്ച് അകത്തുകയറി ; പൂഴ്‌ത്തിവച്ച റേഷനരിയും  ഗോതമ്പും പിടിച്ചെടുത്തു  "
english_title: "They broke the lock and entered; hoarded rations and wheat were seized."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/323570/they-broke-the-lock-and-entered-hoarded-rations-and-wheat-were-seized"
published_at: "2025-10-31T12:20:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69045cc2e440c_ugyygyigyi.jpg"
keywords: []
---

# പൂട്ട് തല്ലിപ്പൊളിച്ച് അകത്തുകയറി ; പൂഴ്‌ത്തിവച്ച റേഷനരിയും  ഗോതമ്പും പിടിച്ചെടുത്തു  

> **Lead Summary:** മരട് : കരിഞ്ചന്തയിൽ വിൽക്കാൻ പൂഴ്‌ത്തിവച്ച റേഷനരിയും ഗോതമ്പും പിടിച്ചെടുത്തു.ദക്ഷിണമേഖലാ റേഷനിങ് ഡെപ്യൂട്ടി കൺട്രോളർ സി വി മോഹൻകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.

## Article Content

മരട് : കരിഞ്ചന്തയിൽ വിൽക്കാൻ പൂഴ്‌ത്തിവച്ച റേഷനരിയും ഗോതമ്പും പിടിച്ചെടുത്തു.ദക്ഷിണമേഖലാ റേഷനിങ് ഡെപ്യൂട്ടി കൺട്രോളർ സി വി മോഹൻകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.

3750 കിലോഗ്രാം കുത്തരി, 150കിലോഗ്രാം പുഴുക്കലരി, 450 കിലോഗ്രാം ഗോതമ്പ് എന്നിവയാണ് നെട്ടൂരിലെ കടമുറിയിൽനിന്ന് പിടിച്ചെടുത്തത്. സാധനങ്ങൾ കടത്താൻ ഉപയോഗിച്ച രണ്ട് ഓട്ടോറിക്ഷകളും കസ്റ്റഡിയിലെടുത്തു.

കടമുറി കേന്ദ്രീകരിച്ച് റേഷനരിയുടെ ഇടപാടുകൾ നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് ഇന്നലെ വൈകിട്ട് അന്വേഷകസംഘം പരിശോധനയ്ക്കെത്തിയത്. 

അപ്പോൾ രണ്ട് ഓട്ടോറിക്ഷകളിൽ അരി എത്തിച്ച നിലയിലായിരുന്നു. കടയുടെ പൂട്ട് തല്ലിപ്പൊളിച്ചാണ് അന്വേഷകസംഘം അകത്തുകയറിയത്.മുറിക്കുള്ളിൽ റേഷൻ സാധനങ്ങൾ അട്ടിയിട്ടുവച്ച നിലയിലായിരുന്നു. അരി നിറയ്ക്കാനുള്ള ചാക്കുകളും ചാക്ക് തുന്നുന്ന നൂലുകളും ത്രാസും മറ്റും മുറിയിലുണ്ടായിരുന്നു.

ജില്ലയിലെ തീരമേഖലയിലെ റേഷൻകടകളിൽനിന്നാണ് അരി എത്തിച്ചിരുന്നത്. വിലകൂടിയ അരി ഇനങ്ങളിൽ കൂട്ടിക്കലർത്തിയാണ് വിൽപ്പന നടത്തിയിരുന്നത്. മൂവാറ്റുപുഴ സ്വദേശി ബിജുവാണ് കടമുറി വാടകയ്ക്കെടുത്തിരുന്നത്. വാടകക്കാരനെതിരെയും ഓട്ടോ ഉടമകളായ മട്ടാഞ്ചേരി സ്വദേശികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.​

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/323570/they-broke-the-lock-and-entered-hoarded-rations-and-wheat-were-seized)