---
title: "ക്ഷേമ പെൻഷൻ ; ഇത്തവണ 3600 രൂപ കയ്യിലെത്തും , വർധിപ്പിച്ച 2000 രൂപ  നവംബറിൽ തന്നെ വിതരണം"
english_title: "Welfare pension; This time Rs. 3600 will be available, the increased Rs. 2000 will be distributed in November itself"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/323561/welfare-pension-this-time-rs-3600-will-be-available-the-increased-rs-2000-will-be-distributed-in-november-itself"
published_at: "2025-10-31T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6904531a45904_pension.jpg"
keywords: []
---

# ക്ഷേമ പെൻഷൻ ; ഇത്തവണ 3600 രൂപ കയ്യിലെത്തും , വർധിപ്പിച്ച 2000 രൂപ  നവംബറിൽ തന്നെ വിതരണം

> **Lead Summary:** തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് നവംബറിൽ 3600 രൂപ വീതം ക്ഷേമ പെൻഷൻ ലഭിക്കും.

## Article Content

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് നവംബറിൽ 3600 രൂപ വീതം ക്ഷേമ പെൻഷൻ ലഭിക്കും.

ഇതിനായി 1864 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വർധിപ്പിച്ച 2000 രൂപ പെൻഷൻ നവംബറിൽ തന്നെ വിതരണം ആരംഭിക്കുകയാണ്. അതിനോടൊപ്പമാണ് നേരത്തെ ഉണ്ടായ കുടിശികയിലെ അവസാനഗഡുവും ലഭിക്കും. നവംബർ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കും. 

വർധിപ്പിച്ച പെൻഷൻ വിതരണത്തിന് 1042 കോടി രൂപയും, ഒരു ഗഡു കുടിശിക വിതരണത്തിന് 824 കോടി രൂപയുമാണ് അനുവദിച്ചത്. ഇതോടെ ക്ഷേമ പെൻഷൻ കുടിശിക പൂർണമായും കൊടുത്തു തീർക്കുകുകയാണെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി. പ്രഖ്യാപിച്ച ആനുകൂല്യങ്ങളെല്ലാം സമയബന്ധിതമായി നൽകുമെന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

കേന്ദ്ര സർക്കാർ നയ സമീപനങ്ങളുടെ ഭാഗമായി 2023-24 സാമ്പത്തിക വർഷത്തിൽ സംസ്ഥാനം നേരിടേണ്ടിവന്ന കടുത്ത സാമ്പത്തിക ഞെരുക്കത്തിൻ്റെ പശ്ചാത്തലത്തിലാണ് ക്ഷേമ പെൻഷൻ അഞ്ചു ഗഡു കുടിശികയായത്. അവയുടെ വിതരണത്തിനായുള്ള സമയക്രമം 2024 ജൂലൈയിൽ മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. അത് അനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം കുടിശികയുടെ രണ്ടു ഗഡുക്കൾ നൽകി. ഈ സാമ്പത്തിക വർഷത്തിൻ്റെ പകുതിയിൽ തന്നെ ബാക്കിയുള്ളതിൽ രണ്ടു ഗഡുക്കളുടെയും വിതരണം പൂർത്തിയാക്കിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് അവസാന ഗഡു കുടിശികയും നൽകുന്നത്. 2024 ഏപ്രിൽ മുതൽ അതാത് മാസം തന്നെ പെൻഷൻ ഗുണഭോക്താക്കളുടെ കൈകളിലെത്തുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/323561/welfare-pension-this-time-rs-3600-will-be-available-the-increased-rs-2000-will-be-distributed-in-november-itself)