---
title: "രോഗിയുമായി പോയപ്പോൾ ഹോണടിച്ചതിന് ആംബുലൻസ് ഡ്രൈവർക്ക് മർദ്ദനം ; ചില്ലുകൾ അടിച്ചു തകർത്തു"
english_title: "Ambulance driver beaten for honking while carrying patient; windows smashed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/323210/ambulance-driver-beaten-for-honking-while-carrying-patient-windows-smashed"
published_at: "2025-10-29T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901e5fc8a9b9_1000376359.jpg"
keywords: []
---

# രോഗിയുമായി പോയപ്പോൾ ഹോണടിച്ചതിന് ആംബുലൻസ് ഡ്രൈവർക്ക് മർദ്ദനം ; ചില്ലുകൾ അടിച്ചു തകർത്തു

> **Lead Summary:** കൊല്ലം: കൊല്ലം കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലൻസിന് നേരെ ആക്രമണം. ആംബുലൻസ് ഡ്രൈവറെയും മർദിച്ചു. ചൊവ്വ അർധരാത്രിയായിരുന്നു സംഭവം. ഡ്രൈവർ ബിപിനാണ് മർദനത്തിനിരയായത്.

## Article Content

കൊല്ലം: കൊല്ലം കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലൻസിന് നേരെ ആക്രമണം. ആംബുലൻസ് ഡ്രൈവറെയും മർദിച്ചു. ചൊവ്വ അർധരാത്രിയായിരുന്നു സംഭവം. ഡ്രൈവർ ബിപിനാണ് മർദനത്തിനിരയായത്.

പത്തനാപുരത്ത് നിന്നും കൊട്ടിയം ഹോളി ക്രോസ് ആശുപത്രിയിലേക്ക് പോകുകയായിരുന്നു ആംബുലൻസ്. ആശുപത്രിയിൽ എത്തുന്നതിന് തൊട്ടുമുൻപാണ് ഒരുസംഘം ചെറുപ്പക്കാർ ദേശീയപാതയിൽവെച്ച് ആംബുലൻസിന് കുറുകെ വാഹനം നിർത്തി തടഞ്ഞത്. ഇവർ സഞ്ചരിച്ച വാഹനത്തെ ആംബുലൻസ് ഓവർടേക്ക് ചെയ്‌തപ്പോൾ ഹോൺ അടിച്ചതാണ് അക്രമികളെ പ്രകോപിപ്പിച്ചത്.

എന്തിനാണ് ഹോൺ അടിക്കുന്നത് എന്ന് ചോദിച്ച് ഇവർ ഡ്രൈവറെ മർദിച്ചു. അക്രമികൾ മദ്യപിച്ചിരുന്നതായാണ് വിവരം. ആംബുലൻസിൻറെ ചില്ലുകൾ അക്രമികൾ അടിച്ചു തകർത്തു. ഡ്രൈവറുടെ വാച്ച് മോഷ്ടിച്ചെന്നും പരാതിയുണ്ട്.

രോഗിയുടെ ബന്ധുക്കളും നാട്ടുകാരും ഇടപെട്ടപ്പോഴാണ് അക്രമികൾ പിന്മാറിയത്. സംഭവത്തിൽ കൊട്ടിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അക്രമികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/323210/ambulance-driver-beaten-for-honking-while-carrying-patient-windows-smashed)