---
title: "വീടും സ്ഥലവും ജപ്തിചെയ്തു ; ആത്മഹത്യാഭീഷണിയുമായി കുടുംബം ബാങ്കിനുമുന്നിൽ"
english_title: "House and land seized; family threatens suicide in front of bank"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/323168/house-and-land-seized-family-threatens-suicide-in-front-of-bank"
published_at: "2025-10-29T12:40:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901be03c6458_bank.jpg"
keywords: []
---

# വീടും സ്ഥലവും ജപ്തിചെയ്തു ; ആത്മഹത്യാഭീഷണിയുമായി കുടുംബം ബാങ്കിനുമുന്നിൽ

> **Lead Summary:** ആലുവ : ഭിന്നശേഷിക്കാരനായ മകനുൾപ്പെടുന്ന പട്ടികവർഗ കുടുംബത്തിന്റെ വീടും സ്ഥലവും ജപ്തിചെയ്ത് കുടുംബത്തെ പെരുവഴിയിലാക്കി ആലുവ അർബൻ സഹകരണ ബാങ്ക്.

## Article Content

ആലുവ : ഭിന്നശേഷിക്കാരനായ മകനുൾപ്പെടുന്ന പട്ടികവർഗ കുടുംബത്തിന്റെ വീടും സ്ഥലവും ജപ്തിചെയ്ത് കുടുംബത്തെ പെരുവഴിയിലാക്കി ആലുവ അർബൻ സഹകരണ ബാങ്ക്.

കീഴ്മാട് ചാലക്കൽ സ്വദേശി കുഴിക്കാട്ടുമാലി കെ കെ വൈരമണിയെയും കുടുംബത്തെയുമാണ് പുറത്താക്കിയത്. താമസിക്കാൻ ഇടമില്ലാതായതോടെ കുടുംബം ആത്മഹത്യാഭീഷണിയുമായി ബാങ്കിനുമുന്നിൽ പ്രതിഷേധിക്കുകയാണ്.

ആലുവ അർബൻ ബാങ്കിൽനിന്ന്‌ എട്ടു വർഷംമുമ്പാണ് വൈരമണി 10 ലക്ഷം രൂപ വായ്പയെടുത്തത്. ഒന്പതുലക്ഷത്തോളം തിരിച്ചടച്ചെങ്കിലും പലിശയടക്കം വീണ്ടും എട്ടുലക്ഷത്തോളം രൂപ അടയ്ക്കാനുണ്ടെന്നുകാണിച്ച് ബാങ്ക് അധികൃതർ നോട്ടീസ് നൽകിയിരുന്നുവെന്നാണ് വൈരമണി പറയുന്നത്.

ചൊവ്വ രാവിലെയാണ് പൊലീസ് സഹായത്തോടെ കുടുംബത്തെ പുറത്താക്കി വീട് മുദ്രവച്ചത്. ഒരുവർഷംമുമ്പും വീട്‌ സീൽ ചെയ്തിരുന്നെങ്കിലും ജനപ്രതിനിധികൾ ഇടപെട്ട് തുറന്നുനൽകിയിരുന്നു.

അതേസമയം 2017ൽ വായ്പയെടുത്ത വൈരമണി 2020നുശേഷം മുതലോ പലിശയോ തിരിച്ചടച്ചിട്ടില്ലെന്നും ഇത് ഇടപെട്ടവരെയെല്ലാം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ബാങ്ക് അധികൃതർ അറിയിച്ചു. കൂലിപ്പണിക്കാരനായ വൈരമണിക്ക് മിച്ചഭൂമിയായി കിട്ടിയ അഞ്ചു സെന്റാണ് ബാങ്കിൽ പണയംവച്ചത്. ഭിന്നശേഷിക്കാരനായ മകനെയും കുടുംബത്തെയും പുറത്താക്കിയതോടെ അഭയത്തിനായി സഹായം തേടുകയാണിവർ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/323168/house-and-land-seized-family-threatens-suicide-in-front-of-bank)