---
title: "ഗൂഗിൾ മാപ്പിലെ എളുപ്പ വഴി നോക്കി; ലോറി നൂറടി താഴ്ചയിലേക്ക് പതിച്ചു"
english_title: "Lorry falls 100 feet after taking easy route on Google Maps"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/322926/lorry-falls-100-feet-after-taking-easy-route-on-google-maps"
published_at: "2025-10-28T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69004e6c91022_ijnv.jpg"
keywords: []
---

# ഗൂഗിൾ മാപ്പിലെ എളുപ്പ വഴി നോക്കി; ലോറി നൂറടി താഴ്ചയിലേക്ക് പതിച്ചു

> **Lead Summary:** കണ്ണൂർ: ബോയ്‌സ് ടൗൺ -പാൽച്ചുരം റോഡിൽ അപകടത്തിൽപെട്ട ലോറി ചുരം ഇറങ്ങിയത് ഗൂഗിൾ മാപ്പിലെ എളുപ്പ വഴി നോക്കി. അപകടത്തിൽ ലോറി ഡ്രൈവർ തമിഴ്‌നാട് തിരുച്ചെങ്കോട് സ്വദേശി എൽ. സെന്തിൽകുമാറാണ് മരിച്ചത്.റായ്പുരിൽനിന്ന് കൊളക്കാട് മാർഷൻ ഇൻഡസ്ട്രിയിലേക്ക് കമ്പി കൊണ്ടുവന്ന ലോറിയാണ് കൊക്കയിലേക്ക് മറിഞ്ഞത്.

## Article Content

കണ്ണൂർ: ബോയ്‌സ് ടൗൺ -പാൽച്ചുരം റോഡിൽ അപകടത്തിൽപെട്ട ലോറി ചുരം ഇറങ്ങിയത് ഗൂഗിൾ മാപ്പിലെ എളുപ്പ വഴി നോക്കി. അപകടത്തിൽ ലോറി ഡ്രൈവർ തമിഴ്‌നാട് തിരുച്ചെങ്കോട് സ്വദേശി എൽ. സെന്തിൽകുമാറാണ് മരിച്ചത്.റായ്പുരിൽനിന്ന് കൊളക്കാട് മാർഷൻ ഇൻഡസ്ട്രിയിലേക്ക് കമ്പി കൊണ്ടുവന്ന ലോറിയാണ് കൊക്കയിലേക്ക് മറിഞ്ഞത്.

നെടുംപൊയിൽ ചുരം വഴി വന്നാൽ മതിയെന്ന മാർഷൻ ഇൻഡസ്ട്രിസ് ഉടമ ജെയിംസ് കുര്യാക്കോസിന്റെയും ലോറിയിലെ ക്ലീനറുടെയും നിർദേശം അവഗണിച്ചാണ് ഡ്രൈവർ കുത്തനെ ഇറക്കമുളള ബോയ്‌സ് ടൗൺ -പാൽച്ചുരം വഴി കൊളക്കാട് ലക്ഷ്യമാക്കി വന്നത്.കാഞ്ഞിരത്താംകുഴി തോമസിന്റെ ആൾത്താമസമില്ലാത്ത വീടിന് പിൻവശത്തേക്കാണ് ലോറി വന്നുവീണത്.

പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ചുരം ഇറങ്ങിയ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് ഏകദേശം നൂറടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. റോഡരികിലെ വൈദ്യുതത്തൂണും തകർത്താണ് ലോറി കൊക്കയിൽ വീണത്. മാനന്തവാടി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ക്ലീനർ തിരുച്ചിറപ്പള്ളി സ്വദേശി സെന്തിൽകുമാർ രാമസ്വാമി (44) നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/322926/lorry-falls-100-feet-after-taking-easy-route-on-google-maps)