---
title: "സ്വർണം എന്നുകരുതി വൃദ്ധയുടെ വരവുമാല പൊട്ടിച്ചു ; കമിതാക്കൾ പിടിയിൽ , 10 മണിക്കൂറിനകം പ്രതികളെ പിടികൂടിയതിൽ പോലീസിന് ആശംസാ പ്രവാഹം"
english_title: "Old woman's wedding necklace broken, mistaking it for gold; suitors arrested, police congratulated for arresting accused within 10 hours"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/320705/old-womans-wedding-necklace-broken-mistaking-it-for-gold-suitors-arrested-police-congratulated-for-arresting-accused-within-10-hours"
published_at: "2025-10-15T13:59:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ef5ca0dc4b3_areest.jpg"
keywords: []
---

# സ്വർണം എന്നുകരുതി വൃദ്ധയുടെ വരവുമാല പൊട്ടിച്ചു ; കമിതാക്കൾ പിടിയിൽ , 10 മണിക്കൂറിനകം പ്രതികളെ പിടികൂടിയതിൽ പോലീസിന് ആശംസാ പ്രവാഹം

> **Lead Summary:** അരൂർ : സ്വർണം എന്നുകരുതി വൃദ്ധയുടെ കഴുത്തിലെ വരവുമാല പൊട്ടിച്ച കേസിൽ കമിതാക്കൾ പോലീസ് വലയിലായി. സംഭവം നടന്ന് 10 മണിക്കൂറിനകം പ്രതികളെ പിടികൂടിയ അരൂർ പോലീസിന് ആശംസാ പ്രവാഹം.

## Article Content

അരൂർ : സ്വർണം എന്നുകരുതി വൃദ്ധയുടെ കഴുത്തിലെ വരവുമാല പൊട്ടിച്ച കേസിൽ കമിതാക്കൾ പോലീസ് വലയിലായി. സംഭവം നടന്ന് 10 മണിക്കൂറിനകം പ്രതികളെ പിടികൂടിയ അരൂർ പോലീസിന് ആശംസാ പ്രവാഹം.

'വരവി'ൽ കവിഞ്ഞ വരുമാനം ആഗ്രഹിച്ച് സ്വർണമെന്ന് കുരുതി വരവുമാല മോഷ്ടിച്ച പള്ളുരുത്തി സ്വദേശികളാണ് അരൂർ പോലീസിന്റെ അന്വേഷണവലയിൽ കുടുങ്ങിയത്. പള്ളുരുത്തി മൂന്നാംചേരിപ്പറമ്പിൽ നിഷാദ് (25), നടുവിലവീട്ടിൽ നീതു (30) എന്നിവരാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ അരൂർ ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡ് കളത്തനാട്ട് ഭാഗത്തുള്ള കൊച്ചുപുരയ്ക്കൽ സരസ്വതിയമ്മ (71)യുടെ മാലയാണ് പിന്നിൽനിന്നെത്തിയ ആൾ പൊട്ടിച്ചത്. ആക്രമണത്തിൽ വൃദ്ധയുടെ കഴുത്തിന് പരിക്കേൽക്കുകയും ചെയ്തു‌

.ആശുപത്രിയിൽ പോയി മരുന്നുവാങ്ങി മടങ്ങവേ, ആളൊഴിഞ്ഞ കണ്ടത്തിപ്പറമ്പ്-കളത്തനാട്ട് വഴിയിൽ പിന്നിൽനിന്നെത്തിയാണ് മാല പൊട്ടിച്ചത്. കൈയിൽക്കിട്ടിയ കഷണവുമായി മോഷ്ടാവ് നിമിഷനേരംകൊണ്ട് കടന്നുകളഞ്ഞു. ആകെ അങ്കലാപ്പിലായ സരസ്വതിയമ്മ നടന്ന് പ്രധാനറോഡിലെത്തി അതുവഴിവന്ന യുവാക്കളോട് കാര്യം പറഞ്ഞു.

അവർ അരൂർ പോലീസിൽ അപ്പോൾത്തന്നെ വിവരം അറിയിച്ചു. അതോടെ എസ്എച്ച്‌ഒ കെ.ജി. പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊർജിതമാക്കി. സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നും സമീപവാസികളുടെ മൊഴിയിൽനിന്നും പ്രദേശത്ത് ഇലക്ട്രിക് സ്‌കൂട്ടർ ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കി.

ഇതിന്റെ വിശദാംശങ്ങൾ പരിശോധിച്ചതോടെയാണ് കമിതാക്കൾ അറസ്റ്റിലായത്. വാടകയ്ക്കെടുത്ത സ്കൂ‌ട്ടർ ഓടിച്ചത് നീതുവായിരുന്നു. പിന്നിലിരുന്ന നിഷാദ് സാഹചര്യങ്ങൾ ഒത്തുവന്ന സ്ഥലത്തിറങ്ങി പതുങ്ങിനടന്ന് സരസ്വതിയമ്മയെ പിന്നിൽനിന്ന് ആക്രമിക്കുകയായിരുന്നു. മാല പൊട്ടിക്കുന്നതിന് മുൻപ് ഇവരുടെ മുഖത്തേക്ക് മുളകുപൊടി വിതറിയതായും പോലീസ് പറഞ്ഞു. മോഷണശേഷം മാല സ്വർണമല്ല എന്ന് മനസ്സിലാക്കിയ പ്രതികൾ അത് വഴിയിൽ ഉപേക്ഷിച്ചു. എങ്കിലും പൊട്ടിച്ചെടുത്ത വരവുമാലയുടെ ഭാഗവും പോലീസ് പള്ളുരുത്തിയിൽ നിന്ന് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/320705/old-womans-wedding-necklace-broken-mistaking-it-for-gold-suitors-arrested-police-congratulated-for-arresting-accused-within-10-hours)