---
title: "കാണാതായ മകനെത്തേടി മൂന്നുവർഷം അലഞ്ഞ അമ്മയുടെ കണ്ണീരൊപ്പി പൊലീസ്‌"
english_title: "Police bring tears to the eyes of a mother who spent three years searching for her missing son"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/320699/police-bring-tears-to-the-eyes-of-a-mother-who-spent-three-years-searching-for-her-missing-son"
published_at: "2025-10-15T13:40:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ef5746bd6d5_police.jpg"
keywords: []
---

# കാണാതായ മകനെത്തേടി മൂന്നുവർഷം അലഞ്ഞ അമ്മയുടെ കണ്ണീരൊപ്പി പൊലീസ്‌

> **Lead Summary:** കൊച്ചി : കാണാതായ മകനെത്തേടി മൂന്നുവർഷം അലഞ്ഞ അമ്മയുടെ കണ്ണീരൊപ്പി പൊലീസ്‌. സംസ്ഥാനം കടന്നുള്ള അന്വേഷണത്തിനൊടുവിൽ, പാലാരിവട്ടത്തുനിന്ന്‌ കാണാതായ കണ്ണൂർ നരിക്കോട്‌ സ്വദേശി മുഹ്‌സീനെ കണ്ടെത്തി നാട്ടിലേക്ക് തിരികെയെത്തിച്ചു. ഇടപ്പള്ളി കൂനംതൈയിലുള്ള ബേക്കറിയിൽ ജോലിചെയ്‌തിരുന്ന മുഹ്‌സീനെ 2022 സെപ്‌തംബർ 13-നാണ്‌ കാണാതായത്‌. തുടർന്ന്‌, ഉമ്മ നജുമുന്നീസ കൊച്ചി സിറ്റി പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

## Article Content

കൊച്ചി : കാണാതായ മകനെത്തേടി മൂന്നുവർഷം അലഞ്ഞ അമ്മയുടെ കണ്ണീരൊപ്പി പൊലീസ്‌. സംസ്ഥാനം കടന്നുള്ള അന്വേഷണത്തിനൊടുവിൽ, പാലാരിവട്ടത്തുനിന്ന്‌ കാണാതായ കണ്ണൂർ നരിക്കോട്‌ സ്വദേശി മുഹ്‌സീനെ കണ്ടെത്തി നാട്ടിലേക്ക് തിരികെയെത്തിച്ചു. ഇടപ്പള്ളി കൂനംതൈയിലുള്ള ബേക്കറിയിൽ ജോലിചെയ്‌തിരുന്ന മുഹ്‌സീനെ 2022 സെപ്‌തംബർ 13-നാണ്‌ കാണാതായത്‌. തുടർന്ന്‌, ഉമ്മ നജുമുന്നീസ കൊച്ചി സിറ്റി പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

യുവാവ് വീട്ടുകാരുമായും സുഹൃത്തുക്കളുമായും യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല, മൊബൈൽ ഫോണും ഉപേക്ഷിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിൽ വിവരം ലഭിക്കാത്തതിനാൽ കമീഷണർ പ്രത്യേക അന്വേഷകസംഘത്തെ നിയോഗിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മുഹ്സീൻ കോയമ്പത്തൂരുള്ളതായി വിവരം ലഭിച്ചു.

എയർപോർട്ടിനുസമീപം ഒരു ഹോട്ടലിൽ മുഹ്സീൻ ജോലിചെയ്യുന്നതായി കണ്ടെത്തി, തുടര്‍ന്ന് ഇയാളെ തിരികെയെത്തിച്ചു. മൂന്നുവർഷമായി കേരളത്തിലും കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ ജോലിചെയ്യുകയായിരുന്നു ഇയാൾ. കോടതിയിൽ ഹാജരാക്കിയശേഷം യുവാവിനെ വീട്ടുകാർക്കൊപ്പം പറഞ്ഞയച്ചു.

എറണാകുളം എസിപി പി രാജ്കുമാറിന്റെ മേൽനോട്ടത്തിൽ പാലാരിവട്ടം എസ്‌എച്ച്‌ഒ കെ ആർ രൂപേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘമാണ്‌ അന്വേഷിച്ചത്‌. എസ്‌ഐ ഒ എസ്‌ ഹരിശങ്കർ, അസി. എസ്‌ഐ ടി ആർ രാഗേഷ്, സിപിഒമാരായ കെ പി ജോസി, അഖിൽ പത്മൻ, പി പ്രശാന്ത്, എൻ എ അനീഷ്, കൊച്ചി സൈബർ സെൽ എസ്‌സിപിഒ വിപിൻ എന്നിവര്‍ സംഘത്തിലുണ്ടായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/320699/police-bring-tears-to-the-eyes-of-a-mother-who-spent-three-years-searching-for-her-missing-son)