---
title: "കൂത്താട്ടുകുളത്തെ പൊതുമേഖലാ ബാങ്കിൽ സ്വർണപ്പണയ തട്ടിപ്പ് ; വിവരം അറിയുന്നത് നാട്ടുകാരിൽ നിന്ന്"
english_title: "Gold loan fraud at public sector bank in Koothattukulam; Information comes from locals"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/320505/gold-loan-fraud-at-public-sector-bank-in-koothattukulam-information-comes-from-locals"
published_at: "2025-10-14T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68edf81834c77_police.jpg"
keywords: []
---

# കൂത്താട്ടുകുളത്തെ പൊതുമേഖലാ ബാങ്കിൽ സ്വർണപ്പണയ തട്ടിപ്പ് ; വിവരം അറിയുന്നത് നാട്ടുകാരിൽ നിന്ന്

> **Lead Summary:** കൂത്താട്ടുകുളം : മുക്കുപണ്ടം പണയപ്പെടുത്തി കൂത്താട്ടുകുളത്തെ ഒരു പൊതുമേഖലാ ബാങ്കിൽ നിന്ന് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതായി പോലീസ് സ്പെഷ്യൽ ബ്രാഞ്ചിന് വിവരം ലഭിച്ചു.

## Article Content

കൂത്താട്ടുകുളം : മുക്കുപണ്ടം പണയപ്പെടുത്തി കൂത്താട്ടുകുളത്തെ ഒരു പൊതുമേഖലാ ബാങ്കിൽ നിന്ന് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതായി പോലീസ് സ്പെഷ്യൽ ബ്രാഞ്ചിന് വിവരം ലഭിച്ചു.

എന്നാൽ, ബാങ്ക് അധികൃതർ ഇതു സംബന്ധിച്ച് രേഖാമൂലം പരാതി നൽകിയിട്ടില്ല. ബാങ്ക് നിയോഗിച്ച അപ്രൈസറെ കഴിഞ്ഞ നാലു ദിവസമായി കാണാനില്ല. സ്വർണപ്പണയം പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്ന താമരക്കാട് സ്വദേശിയായ ബാങ്ക് അപ്രൈസറെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ബാങ്ക് അധികൃതർ.

കഴിഞ്ഞ ആഴ്‌ച ബാങ്കിൻ്റെ റീജണൽ തലത്തിൽ നിന്ന് ബാങ്കിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് മുക്കുപണ്ടം പണയം വച്ച് ലക്ഷക്കണക്കിനു രൂപ വായ്‌പ നൽകിയതായി കണ്ടെത്തിയത്.

മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ വിവരം നാട്ടുകാരിൽനിന്നാണ് സ്പെഷ്യൽ ബ്രാഞ്ച് അറിയുന്നത്. ബാങ്കിൽ പോലീസ് എത്തിയെങ്കിലും വിവരങ്ങൾ ലഭ്യമായില്ല. എത്ര രൂപയുടെ നഷ്ടം ബാങ്കിനുണ്ടായിട്ടുണ്ടെന്ന കണക്കെടുപ്പ് പൂർത്തിയാക്കിയെങ്കിലും ബാങ്ക് അധികൃതർ വിവരങ്ങൾ പറയാൻ വിസമ്മതിച്ചു.

മേൽതലങ്ങളിൽനിന്നുള്ള നിർദേശം ലഭിച്ചാൽ ചൊവ്വാഴ്ച‌ പോലീസിൽ പരാതി നൽകുമെന്നാണ് സൂചന. തട്ടിപ്പുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾ ആരും പരാതി നൽകിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/320505/gold-loan-fraud-at-public-sector-bank-in-koothattukulam-information-comes-from-locals)