---
title: " ചാലാശേരിയിലെ പുതുതലമുറക്കാരെത്തി ; അഞ്ചേകാലും കോപ്പും ഏറ്റുവാങ്ങി"
english_title: "The new generation of Chalassery residents arrived; they received the five-legged and the kop."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/319785/the-new-generation-of-chalassery-residents-arrived-they-received-the-five-legged-and-the-kop"
published_at: "2025-10-10T13:46:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8c13bc712e_piravom.jpg"
keywords: []
---

#  ചാലാശേരിയിലെ പുതുതലമുറക്കാരെത്തി ; അഞ്ചേകാലും കോപ്പും ഏറ്റുവാങ്ങി

> **Lead Summary:** ​പിറവം : ​പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിലെ ശിലാസ്ഥാപന പെരുന്നാളിന് ചാലാശേരിയിലെ പുതുതലമുറക്കാരെത്തി തറവാട്ടിലേക്കുള്ള അഞ്ചേകാലും കോപ്പും ഏറ്റുവാങ്ങി.

## Article Content

​പിറവം : ​പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിലെ ശിലാസ്ഥാപന പെരുന്നാളിന് ചാലാശേരിയിലെ പുതുതലമുറക്കാരെത്തി തറവാട്ടിലേക്കുള്ള അഞ്ചേകാലും കോപ്പും ഏറ്റുവാങ്ങി.

> പള്ളി സ്ഥാപിച്ചിരിക്കുന്ന സ്ഥലം പുരാതനകളരി പരമ്പരയുടെ ഉടമകളായ ചാലാശേരി പണിക്കര്‍ മുഖാന്തരം കുഴിക്കാട്ടു നമ്പൂതിരിയോട് പറയ്ക്ക് ഒരുപറ പണം കൊടുത്ത് വാങ്ങിയതെന്ന് ചരിത്രം പറയുന്നു. അന്നുമുതൽ ഉപകാരസ്മരണയ്ക്കായി കല്ലിട്ട പെരുന്നാള്‍ ദിവസം ചാലാശേരി തറവാട്ടിലെ മുതിര്‍ന്ന കാരണവരെ "അഞ്ചേകാലും കോപ്പും' നല്‍കി ആദരിക്കും.

അഞ്ചേകാല്‍ ഇടങ്ങഴി അരി, ഏത്തക്കുല, നാളികേരം, ചേന, മത്തങ്ങ, വെള്ളരി, ഒരുകെട്ട് പപ്പടം, വെറ്റില, അടയ്ക്ക, പുകയില എന്നിവയടങ്ങിയതാണ് അഞ്ചേകാലും കോപ്പും.വർഷങ്ങളായി അഞ്ചേകാലും കോപ്പും ഏറ്റുവാങ്ങിയിരുന്ന ചാലാശേരിയിലെ വേണു ഗോപാല്‍ അന്തരിച്ചിരുന്നു.

ഇദ്ദേഹത്തിന്റെ ഭാര്യ ജയ, മകൾ കീർത്തന, ഭർത്താവ് ശ്രേയസ് എന്നിവര്‍ പുണെയിൽനിന്ന്‌ എത്തിയാണ് അഞ്ചേകാലും കോപ്പും ഏറ്റുവാങ്ങിയത്.ഇടവക മെത്രാപോലീത്ത ഡോ. തോമസ് മാർ അത്താനാസിയോസ്, വികാരി ഫാ. സ്കറിയ വട്ടക്കാട്ടിൽ, ഫാ. മാത്യൂസ് വാതക്കാട്ടേൽ, ഫാ. ഏലിയാസ് ചെറുകാട്, ഫാ. ബിനോയി ജോൺ, എംപി ബാബു, പി വി സ്റ്റാൻലി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/319785/the-new-generation-of-chalassery-residents-arrived-they-received-the-five-legged-and-the-kop)