---
title: "ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്കന്റെ മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ ; അന്വേഷണം"
english_title: "Body of middle-aged man who lived alone found eaten by stray dogs; investigation underway"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/319580/body-of-middle-aged-man-who-lived-alone-found-eaten-by-stray-dogs-investigation-underway"
published_at: "2025-10-09T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e7762f2a2ce_death8.jpg"
keywords: []
---

# ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്കന്റെ മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ ; അന്വേഷണം

> **Lead Summary:** ശാസ്താംകോട്ട : കൊല്ലം ശാസ്താംകോട്ടയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്കന്റെ മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ.

## Article Content

ശാസ്താംകോട്ട : കൊല്ലം ശാസ്താംകോട്ടയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്കന്റെ മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ.

വടക്കൻ മൈനാഗപ്പള്ളി സോമവിലാസം മാർക്കറ്റിന് സമീപം അഞ്ചുവിള കിഴക്കേതിൽ രാധാകൃഷ്ണ പിള്ള (55) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. അവിവാഹിതനായ രാധാകൃഷ്ണപിള്ള ഒരു ചെറിയ ഷെഡിലാണ് താമസിച്ചിരുന്നത്.

സമീപത്തെ വീട്ടിൽ ശുചീകരണം നടത്താൻ എത്തിയ പ്രദേശവാസി രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവിടെയെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് ആഴ്ചകളോളം പഴക്കമുണ്ടെന്നാണ് നിഗമനം. മൃതദേഹ ഭാഗങ്ങൾ നായ്ക്കൾ ഷെഡിനു പുറത്തേക്കു വലിച്ചിട്ട നിലയിലായിരുന്നു.

മാംസ ഭാഗങ്ങളെല്ലാം നായ്ക്കൾ ഭക്ഷിച്ച ശേഷം അസ്ഥികൂടം മാത്രമാണ് അവശേഷിച്ചിരുന്നത്. തെരുവുനായ്ക്കളുടെ കടിയേറ്റു മരിച്ചതാണോ അതോ മരിച്ചശേഷം മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹ അവശിഷ്ടങ്ങൾ ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/319580/body-of-middle-aged-man-who-lived-alone-found-eaten-by-stray-dogs-investigation-underway)