---
title: "പിറവത്ത് കുളിക്കാനിറങ്ങി ഒഴുക്കിൽ പെട്ട് യുവാവ് മരിച്ച സംഭവം ; ദുരന്തത്തിനിരയായത് ഗ്രാജുവേഷൻ സെറിമണിയ്ക്കെത്തിയവർ"
english_title: "A young man died after being swept away by the current while bathing in Piravam; The victims of the tragedy were those who had come for the graduation ceremony"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/318481/a-young-man-died-after-being-swept-away-by-the-current-while-bathing-in-piravam-the-victims-of-the-tragedy-were-those-who-had-come-for-the-graduation-ceremony"
published_at: "2025-10-03T12:39:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df775750d20_swim.jpg"
keywords: []
---

# പിറവത്ത് കുളിക്കാനിറങ്ങി ഒഴുക്കിൽ പെട്ട് യുവാവ് മരിച്ച സംഭവം ; ദുരന്തത്തിനിരയായത് ഗ്രാജുവേഷൻ സെറിമണിയ്ക്കെത്തിയവർ

> **Lead Summary:** പിറവം : പഠനം കഴിഞ്ഞ് ഗ്രാജുവേഷൻ സെറിമണിക്കായി വീണ്ടും ഒത്തുചേർന്നവരാണ് രാമമംഗലത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടത്. മൂവാറ്റുപുഴ ഇലാഹിയ എൻജിനിയറിങ് കോളേജിൽ പഠനം പൂർത്തിയാക്കിയവരാണിവർ.

## Article Content

പിറവം : പഠനം കഴിഞ്ഞ് ഗ്രാജുവേഷൻ സെറിമണിക്കായി വീണ്ടും ഒത്തുചേർന്നവരാണ് രാമമംഗലത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടത്. മൂവാറ്റുപുഴ ഇലാഹിയ എൻജിനിയറിങ് കോളേജിൽ പഠനം പൂർത്തിയാക്കിയവരാണിവർ.

ആൽബിന് നേരത്തേ പരിചയമുള്ള സ്ഥലമായതിനാലാണ് വയനാട് സ്വദേശി അർജുനും ഫോർട്ട്കൊച്ചി സ്വദേശി സൂരജുമൊത്ത് പുഴയിൽ കുളിക്കാനായി രാമമംഗലത്തെത്തിയത്. രണ്ടരയോടെ ക്ഷേത്രക്കടവിലെത്തിയ ഇവർ വർത്തമാനം പറഞ്ഞ് പടവുകളിലിരിക്കുന്നത് കണ്ടവരുണ്ട്. പിന്നീട് കേട്ടത് ഉച്ചത്തിലുള്ള നിലവിളിയായിരുന്നു.

പുഴയിലിറങ്ങിയ ഒരാൾ ഒഴുക്കിൽപ്പെട്ടത് കണ്ട് രക്ഷിക്കാനിറങ്ങിയ അടുത്തയാൾകൂടി ഒഴുക്കിൽപ്പെട്ടതോടെ സൂരജ് ആകെ തകർന്നു. സൂരജിൻ്റെ നിലവിളികേട്ട് ഇരുകരകളിലും ആളുകൾ ഓടിക്കൂടി. സൂരജ് തന്നെയാണ് വിവരം തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. ഇക്കഴിഞ്ഞ 30-നായിരുന്നു ഇവരുടെ ഗ്രാജുവേഷൻ സെറിമണി.

കേരള സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. ശിവപ്രസാദിൽനിന്നാണ് ഇവർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. ജൂലായിൽ പഠനവും പരീക്ഷയും പൂർത്തിയാക്കി പിരിഞ്ഞ സുഹൃത്തുക്കളാണിവർ. സെറിമണി കഴിഞ്ഞ് ആൽബിനൊപ്പം തങ്ങിയ അർജുനും സൂരജും വ്യാഴാഴ്‌ച രാവിലെയാണ് രാമമംഗലത്തെത്തിയത്. പുഴയിൽ കാണാതായ അർജുന് സ്വകാര്യ കമ്പനിയിൽ നിയമനം ലഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/318481/a-young-man-died-after-being-swept-away-by-the-current-while-bathing-in-piravam-the-victims-of-the-tragedy-were-those-who-had-come-for-the-graduation-ceremony)