---
title: "കാലിൽ ആണി കയറി , ആശുപത്രിയിൽ ചികിത്സക്ക് എത്തിയ വീട്ടമ്മയുടെ കാൽവിരലുകൾ സമ്മതമില്ലാതെ മുറിച്ചുമാറ്റിയതായി പരാതി"
english_title: "A housewife who went to the hospital for treatment after a nail got stuck in her foot complained that her toes were amputated without her consent"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/318382/a-housewife-who-went-to-the-hospital-for-treatment-after-a-nail-got-stuck-in-her-foot-complained-that-her-toes-were-amputated-without-her-consent"
published_at: "2025-10-02T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de9f735271d_com.jpg"
keywords: []
---

# കാലിൽ ആണി കയറി , ആശുപത്രിയിൽ ചികിത്സക്ക് എത്തിയ വീട്ടമ്മയുടെ കാൽവിരലുകൾ സമ്മതമില്ലാതെ മുറിച്ചുമാറ്റിയതായി പരാതി

> **Lead Summary:** ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്ക് എത്തിയ വീട്ടമ്മയുടെ കാൽവിരലുകൾ സമ്മതമില്ലാതെ മുറിച്ചുമാറ്റിയതായി പരാതി. കുത്തിയതോട് കിഴക്കേ മുഖപ്പിൽ സീനത്തിന്റെ വിരലുകളാണ് തിങ്കൾ ഉച്ചയോടെ മുറിച്ചു നീക്കിയത്. ബന്ധുക്കൾ സൂപ്രണ്ടിനും ഡിഎംഒയ്ക്കും പരാതി നൽകി.

## Article Content

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്ക് എത്തിയ വീട്ടമ്മയുടെ കാൽവിരലുകൾ സമ്മതമില്ലാതെ മുറിച്ചുമാറ്റിയതായി പരാതി. കുത്തിയതോട് കിഴക്കേ മുഖപ്പിൽ സീനത്തിന്റെ വിരലുകളാണ് തിങ്കൾ ഉച്ചയോടെ മുറിച്ചു നീക്കിയത്. ബന്ധുക്കൾ സൂപ്രണ്ടിനും ഡിഎംഒയ്ക്കും പരാതി നൽകി.

കാലിൽ ആണി കയറിയതിനെ തുടർന്നാണു സെപ്റ്റംബർ 29ന് സീനത്ത് മെഡിക്കൽ കോളജിൽ അഡ്മിറ്റായത്. 30 ന് ഡ്രസ്സു ചെയ്യാനെന്നു പറഞ്ഞ് കൊണ്ടുപോയാണ് തള്ളവിരലിനോടു ചേർന്നുള്ള രണ്ടു വിരലുകൾ മുറിച്ചുമാറ്റിയതെന്നു ബന്ധുക്കൾ പറയുന്നു. രോഗിയോടോ കൂട്ടിരുപ്പുകാരോടോ ഒന്നും അറിയിക്കാതെയാണു വിരലുകൾ മുറിച്ചതെന്നും ഇവർ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് വീട്ടമ്മയുടെ ബന്ധുക്കൾ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. ചികിത്സാ പിഴവിനെക്കുറിച്ചും രോഗിയുടെ അവകാശങ്ങൾ ലംഘിച്ചതിനെക്കുറിച്ചും വിശദമായ അന്വേഷണം നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിനായി നാലംഗ സമിതിയെ നിയോഗിച്ചു. രോഗിയുടെ മക്കള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. ആശുപത്രി സൂപ്രണ്ട് ഡോ. ഹരികുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആശുപത്രിയിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ മേധാവികളെ ചേര്‍ത്തുകൊണ്ടാണ് നാലംഗ സമിതി രൂപീകരിച്ച് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയത്.

സമിതി ഇന്നും നാളെയുമായി നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നാളെയൊട് കൂടി ആശുപത്രി സൂപ്രണ്ടിന് നല്‍കും. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ നടത്തുക. രോഗിയെ അന്ന് ശുശ്രൂഷിച്ചിരുന്ന നഴ്‌സുമാരടക്കമുള്ളവര്‍ അവധിയിലാണ്. അവര്‍ക്ക് തിരികെയെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള പാകപ്പിഴ ഇവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് സൂപ്രണ്ട് വ്യക്തമാക്കിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/318382/a-housewife-who-went-to-the-hospital-for-treatment-after-a-nail-got-stuck-in-her-foot-complained-that-her-toes-were-amputated-without-her-consent)