---
title: "കന്നി 20 പെരുന്നാൾ ;  മാർതോമ ചെറിയപള്ളിയിൽ കലവറനിറയ്‌ക്കൽ"
english_title: "Kanni 20th Festival; Filling the pantry at Marthoma Church"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/318118/kanni-20th-festival-filling-the-pantry-at-marthoma-church"
published_at: "2025-10-01T15:06:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dcf6b5673a2_perunnal.jpg"
keywords: []
---

# കന്നി 20 പെരുന്നാൾ ;  മാർതോമ ചെറിയപള്ളിയിൽ കലവറനിറയ്‌ക്കൽ

> **Lead Summary:** കോതമംഗലം : മാർതോമ ചെറിയപള്ളിയിലെ കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് തീർഥാടകർക്ക് നൽകാനുള്ള പെരുന്നാൾ നേർച്ചസദ്യക്കായുള്ള ഫലമൂലാദികളുടെ ശേഖരണം ‘കലവറനിറയ്‌ക്കൽ’ ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു. പള്ളി വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി അധ്യക്ഷനായി.

## Article Content

കോതമംഗലം : മാർതോമ ചെറിയപള്ളിയിലെ കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് തീർഥാടകർക്ക് നൽകാനുള്ള പെരുന്നാൾ നേർച്ചസദ്യക്കായുള്ള ഫലമൂലാദികളുടെ ശേഖരണം ‘കലവറനിറയ്‌ക്കൽ’ ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു. പള്ളി വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി അധ്യക്ഷനായി.

**നാളെ  ഗതാഗത നിയന്ത്രണം**

മാര്‍ത്തോമ ചെറിയപള്ളിയില്‍ പ്രധാന പെരുന്നാള്‍ കണക്കിലെടുത്ത് വ്യാഴം പകൽ രണ്ടുമുതല്‍ വെള്ളി വൈകിട്ട് നാലുവരെ നഗരത്തില്‍ വാഹനനിയന്ത്രണം ഏര്‍പ്പെടുത്തിയതായി കോതമംഗലം പൊലീസ് അററിയിച്ചു. നേര്യമംഗലം ഭാഗത്തുനിന്നുവരുന്ന ചെറിയ വാഹനങ്ങള്‍ ശോഭന സ്‌കൂള്‍ ഗ്രൗണ്ടിലും സെന്റ്‌ ജോര്‍ജ് സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യണം.

മൂന്നാര്‍, അടിമാലി, വാരപ്പെട്ടി തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുവരുന്ന സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ അരമനപ്പടിയില്‍നിന്ന്‌ തിരിഞ്ഞ് മലയിന്‍കീഴ് ബൈപാസ് വഴി ഗ്യാസ് ഗോഡ‍ൗണ്‍ ഭാഗത്തുകൂടി (വണ്‍വേ) പ്രൈവറ്റ് സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. കുട്ടമ്പുഴ, ഭൂതത്താന്‍കെട്ട് ഭാഗത്തുനിന്നുവരുന്ന ബസുകള്‍ ബൈപാസ് വഴി ഗ്യാസ് ഗോഡ‍ൗണ്‍ ഭാഗത്തുകൂടി പ്രൈവറ്റ് സ്റ്റാന്‍ഡില്‍ പ്രവേശിക്കണം.

ആലുവ, പെരുമ്പാവൂര്‍ ഭാഗത്തുനിന്നുവരുന്ന ബസുകള്‍ നെല്ലിക്കുഴിയില്‍നിന്ന്‌ ഗ്രീന്‍വാലിസ്‌കൂള്‍വഴി ബൈപാസില്‍ എത്തിച്ചേര്‍ന്ന് രാജീവ് ഗാന്ധി റോഡ് വഴി താലൂക്കാശുപത്രിക്കുസമീപം എത്തി സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ തങ്കളം ലോറി സ്റ്റാന്‍ഡ് വഴി പുതിയ ബൈപാസ് വഴി കല ഓഡിറ്റോറിയത്തിന്‌ സമീപത്തെ ജങ്‌ഷനില്‍കൂടി തിരിച്ച് മൂവാറ്റുപുഴയ്ക്ക് പോകണം.

മൂവാറ്റുപുഴ ഭാഗത്തുനിന്നുവരുന്ന തീര്‍ഥാടകരുടെ വാഹനങ്ങള്‍ എംഎ കോളേജ് ഭാഗത്ത് പാര്‍ക്ക് ചെയ്യണം.വിവിധ സ്ഥലങ്ങളില്‍നിന്നുവരുന്ന വലിയ വാഹനങ്ങള്‍ തങ്കളം ജങ്‌ഷനില്‍ക്കൂടി പ്രവേശിച്ച് കാക്കനാട് ബൈപാസില്‍ പാര്‍ക്ക് ചെയ്യണം. തീര്‍ഥാടകര്‍ക്ക് സുഗമമായിസഞ്ചരിക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി പോസ്റ്റ് ഓഫീസ് ജങ്ഷന്‍മുതല്‍ കോഴിപ്പിള്ളി ജങ്ഷന്‍വരെ വാഹനങ്ങളും അനുവദിക്കില്ല. ബൈപാസുകളില്‍ സ്ഥിരമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ നീക്കംചെയ്യണം.

മൂവാറ്റുപുഴ ഭാഗത്തുനിന്ന്‌ ഹൈറേഞ്ചിലേക്ക് പോകുന്ന ദീര്‍ഘദൂരവാഹനങ്ങള്‍ പുതുപ്പാടി, വാരപ്പെട്ടി-, അടിവാട്, ഊന്നുകല്‍വഴി തിരിഞ്ഞ്‌ പോകണം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/318118/kanni-20th-festival-filling-the-pantry-at-marthoma-church)