---
title: "ആമ്പല്ലൂർ-കാഞ്ഞിരമറ്റം-പൂത്തോട്ട നവീകരിച്ച റോഡ് പൊളിച്ച് , കുഴി മൂടി "
english_title: "Amballur-Kanjiramattom-Poothota renovated road demolished, pothole covered"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/316371/amballur-kanjiramattom-poothota-renovated-road-demolished-pothole-covered"
published_at: "2025-09-22T15:14:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d11bd110d9e_kuzhi.jpg"
keywords: []
---

# ആമ്പല്ലൂർ-കാഞ്ഞിരമറ്റം-പൂത്തോട്ട നവീകരിച്ച റോഡ് പൊളിച്ച് , കുഴി മൂടി 

> **Lead Summary:** കാഞ്ഞിരമറ്റം : ഇരുപത്തെട്ട് കോടി മുടക്കി ഉന്നതനിലവാരത്തിൽ കെഎസ്ടിപി നിർമിച്ച ആരക്കുന്നം-ആമ്പല്ലൂർ-കാഞ്ഞിരമറ്റം-പൂത്തോട്ട റോഡിനു നടുവിൽ ഉദ്ഘാടനം കഴിയുന്നതിനു മുൻപേ ജല അതോറിറ്റി കുഴികുത്തി മണ്ണിട്ട് പോയി.

## Article Content

കാഞ്ഞിരമറ്റം : ഇരുപത്തെട്ട് കോടി മുടക്കി ഉന്നതനിലവാരത്തിൽ കെഎസ്ടിപി നിർമിച്ച ആരക്കുന്നം-ആമ്പല്ലൂർ-കാഞ്ഞിരമറ്റം-പൂത്തോട്ട റോഡിനു നടുവിൽ ഉദ്ഘാടനം കഴിയുന്നതിനു മുൻപേ ജല അതോറിറ്റി കുഴികുത്തി മണ്ണിട്ട് പോയി.

മില്ലുങ്കൽ-റെയിൽവേ സ്റ്റേഷൻ റോഡിൽ കോളനി ജങ്ഷനിലാണ് പൈപ്പ്‌ലൈൻ ചോർച്ചയെത്തുടർന്ന് കുഴികുത്തി ലീക്ക് പരിഹരിച്ച് കുഴിയിലേക്ക് മണ്ണിട്ട് പോയത്. റോഡിൽ കാനകൾ നിർമിച്ചും കലുങ്കുകൾ കെട്ടിയും പഴയ പൈപ്പുകൾ മാറ്റിയും ഉന്നതനിലവാരത്തിൽ വലിയ തുക മുടക്കി നിർമിച്ച റോഡിനാണ് ഈ ദുർഗതി.നിർമാണത്തിനു ശേഷം ഉദ്ഘാടനംപോലും കഴിയുന്നതിനു മുൻപ് റോഡ് കുഴിച്ചതിൽ നാട്ടുകാർക്കും യാത്രക്കാർക്കും പ്രതിഷേധമുണ്ട്. കുഴി വെറുതേ മണ്ണിട്ടുമൂടി പോകാതെ റോഡ് നിർമിച്ച ഗുണനിലവാരത്തിൽത്തന്നെ കുഴിച്ച ഭാഗം പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഗുണനിലവാരമില്ലാത്ത പൈപ്പ്ലൈൻ മാറാതിരുന്നത് ഉന്നതതലത്തിലെ വീഴ്‌ചയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.പുതിയ റോഡിൽ കുഴിയെടുത്ത വിവരം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അന്വേഷിക്കുമെന്നും അനൂപ് ജേക്കബ് എംഎൽഎ അറിയിച്ചു.

ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.കുഴിയെടുത്ത ഭാഗത്തെ കേടുപാടുകൾ പരിഹരിക്കാനുള്ള പണം കെട്ടിവെച്ചശേഷമേ ജലവിഭവവകുപ്പിനെ റോഡ് കുഴിക്കാൻ പൊതുമരാമത്ത് വകുപ്പ് അനുവദിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/316371/amballur-kanjiramattom-poothota-renovated-road-demolished-pothole-covered)