---
title: "ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം "
english_title: "Navratri festival begins today at Chottanikkara Devi Temple"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/316359/navratri-festival-begins-today-at-chottanikkara-devi-temple"
published_at: "2025-09-22T14:46:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d1156ce51f5_nava.jpg"
keywords: []
---

# ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം 

> **Lead Summary:** ചോറ്റാനിക്കര : ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവ പരിപാടികളുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 5.30-ന് ജസ്റ്റിസ് എൻ. നഗരേഷ് നിർവഹിക്കും.

## Article Content

ചോറ്റാനിക്കര : ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവ പരിപാടികളുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 5.30-ന് ജസ്റ്റിസ് എൻ. നഗരേഷ് നിർവഹിക്കും.

> കൊച്ചിൻ ദേവസ്വം ബോർഡ് മെംബർ അഡ്വ. കെ.പി. അജയൻ അധ്യക്ഷനായിരിക്കും. തുടർന്ന് നൃത്തനൃത്യങ്ങൾ, ഭജൻസ്, കഥകളി തുടങ്ങിയ പരിപാടികളും ഉണ്ട്. 29-ന് വൈകീട്ടാണ് പൂജവെപ്പ്. ദുർഗാഷ്ടമി ദിവസമായ 30-ന് രാവിലെ 9 -ന് മൂന്ന് ഗജവീരൻമാരെ അണിനിരത്തിയുള്ള ശീവേലിയ്ക്ക് നടൻ ജയറാമിൻ്റെ നേതൃത്വത്തിൽ 151 വാദ്യകലാകാരൻമാർ പങ്കെടുക്കുന്ന " പവിഴമല്ലിത്തറമേളം " പ്രധാനമായുണ്ട്.

ഒക്ടോബർ ഒന്നിന് മഹാനവമി ആഘോഷിക്കും.രാവിലെ 9-ന് മൂന്ന് ഗജവീരൻമാരോടൊപ്പം പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളത്തോടു കൂടി ശീവേലിയും, രാത്രി 8.30-ന് ചോറ്റാനിക്കര വിജയൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യത്തോടു കൂടി വിളക്കിനെഴുന്നെള്ളിപ്പും നടക്കും. വിജയദശമി ദിനമായ രണ്ടിന് രാവിലെ 8.30-നാണ് പൂജയെടുപ്പും വിദ്യാരംഭവും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/316359/navratri-festival-begins-today-at-chottanikkara-devi-temple)