---
title: "ബിൽ നിയമമാകുന്നു ; കാക്കൂർ കാളവയൽ പൂർവകാല പ്രൗഡിയോടെ നടത്താനാകുമെന്ന പ്രതീക്ഷയിൽ കർഷകരും നാട്ടുകാരും"
english_title: "Bill becomes law; Farmers and locals hopeful that Kakkur cattle ranch will be able to function with former glory"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/314909/bill-becomes-law-farmers-and-locals-hopeful-that-kakkur-cattle-ranch-will-be-able-to-function-with-former-glory"
published_at: "2025-09-15T11:34:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c7acc550a4b_kaalavayal.jpg"
keywords: []
---

# ബിൽ നിയമമാകുന്നു ; കാക്കൂർ കാളവയൽ പൂർവകാല പ്രൗഡിയോടെ നടത്താനാകുമെന്ന പ്രതീക്ഷയിൽ കർഷകരും നാട്ടുകാരും

> **Lead Summary:** കൂത്താട്ടുകുളം : സർക്കാർ ബിൽ നിയമമാകുന്നതോടെ നൂറ്റാണ്ട് പിന്നിട്ട കാർഷികമാമാങ്കം കാക്കൂർ കാളവയൽ പൂർവകാല പ്രൗഡിയോടെ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് കിഴക്കൻമേഖലയിലെ കർഷകരും നാട്ടുകാരും.

## Article Content

കൂത്താട്ടുകുളം : സർക്കാർ ബിൽ നിയമമാകുന്നതോടെ നൂറ്റാണ്ട് പിന്നിട്ട കാർഷികമാമാങ്കം കാക്കൂർ കാളവയൽ പൂർവകാല പ്രൗഡിയോടെ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് കിഴക്കൻമേഖലയിലെ കർഷകരും നാട്ടുകാരും.

കാർഷികവൃത്തിയുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന കാളപൂട്ട്, കന്നുപൂട്ട്, മരമടി, ഉഴവ് മത്സരങ്ങൾക്കുള്ള നിയമനിർമാണത്തിന്റെ കരടുബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയത് ഏറെ ആഹ്ലാദത്തോടെയാണ് നാട്ടുകാർ കാണുന്നത്. 1960ലെ കേന്ദ്രനിയമത്തിൽ ഭേദഗതി വരുത്താനാണ് കരടുബിൽ.

സിപിഐ എം ഏരിയ കമ്മിറ്റി, തിരുമാറാടി ലോക്കൽ കമ്മിറ്റി,തിരുമാറാടി പഞ്ചായത്ത്, കാക്കൂർ സഹകരണ ബാങ്ക് തുടങ്ങിയ സംഘടനകളും സ്ഥാപനങ്ങളും നൽകിയ നിവേദനങ്ങളും ഇടപെടലുകളുമാണ് നിയമനിർമാണത്തിന് കാരണമായത്. കഴിഞ്ഞ സിപിഐ എം ഏരിയസമ്മേളനവും കൂത്താട്ടുകുളത്തു നടന്ന കർഷകസംഘം ജില്ലാസമ്മേളനവും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. നവകേരളസദസ്സിലും നിവേദനം നൽകി.

കുംഭമാസത്തിലെ വേനൽച്ചൂടും കാളകളുടെ വേഗപ്പോരും ചൂരുമറിഞ്ഞ കർഷകരുടെ ആഘോഷത്തിന് 135 വർഷത്തെ ചരിത്രമുണ്ട്. വയൽനഗരിയിൽ കാണുന്ന തിരുവിതാംകൂർ രാജാവിന്റെ അനുമതി കൊത്തിയ ശിലാലിഖിതമാണ് ചരിത്രത്തിന്റെ ചൂണ്ടുപലക. 50വർഷം മുമ്പുവരെ കുംഭമാസത്തിൽ കാക്കൂർ തിരുമാറാടി മേഖലയിൽ എവിടെനോക്കിയാലും കാളക്കൂട്ടങ്ങളും കച്ചവടക്കാരും കൃഷിക്കാക്കാരുമായിരുന്നെന്ന് പഴമക്കാർ പറയുന്നു.

പഴമയെ കൈവിടാതെ കർഷകർ കാളകളെ വളർത്തുന്നുണ്ട്. നല്ല മത്സരക്കാളകൾക്കും ജോഡിക്കാളകൾക്കും ഒരുലക്ഷംമുതൽ മുകളിലേക്കാണ് വില. ഒരുദിവസത്തെ സംരക്ഷണച്ചെലവ് 500 രൂപവരെയാണ്. മത്സരങ്ങൾ നടക്കുന്ന സീസണിൽ പാലക്കാടും പൊള്ളാച്ചിയിലും പോയി കാളകളെ വാങ്ങി വയലിൽ ഓടിച്ച് പാരമ്പര്യം കാക്കുന്ന കർഷകരുമുണ്ട്. ട്രാക്കിലൂടെയുള്ള കാളവണ്ടിയോട്ടം, ചെളിയിലൂടെയുള്ള മരമടി മത്സരം എന്നിവയ്ക്കായി തിരുവനന്തപുരംമുതൽ പാലക്കാടുവരെയുള്ള കർഷകർ എത്താറുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/314909/bill-becomes-law-farmers-and-locals-hopeful-that-kakkur-cattle-ranch-will-be-able-to-function-with-former-glory)