---
title: " രാശി ശരിയല്ലെന്ന അമ്മായിയമ്മയുടെ കുത്തുവാക്ക് ; ജനിച്ച് 41 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ യുവതി ശ്വാസംമുട്ടിച്ച് കൊന്നു"
english_title: "Woman suffocates 41-day-old baby girl to death after mother-in-law taunts her that her horoscope is wrong"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/314557/woman-suffocates-41-day-old-baby-girl-to-death-after-mother-in-law-taunts-her-that-her-horoscope-is-wrong"
published_at: "2025-09-13T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c511d34c43f_baby.jpg"
keywords: []
---

#  രാശി ശരിയല്ലെന്ന അമ്മായിയമ്മയുടെ കുത്തുവാക്ക് ; ജനിച്ച് 41 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ യുവതി ശ്വാസംമുട്ടിച്ച് കൊന്നു

> **Lead Summary:** കന്യാകുമാരി : രാശി ശരിയല്ലെന്ന അമ്മായിയമ്മയുടെ കുത്തുവാക്ക് കേട്ട് ജനിച്ച് 41 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ യുവതി ശ്വാസംമുട്ടിച്ച് കൊന്നു. കന്യാകുമാരിയിലെ കരുങ്ങലിനടുത്താണ് സംഭവം. ക്രൂരകൊലപാതകം നടത്തിയ അമ്മ ബെനിറ്റ ജയ യെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിനോടും അമ്മായിയമ്മയോടുമുള്ള ദേഷ്യത്തിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ബെനിറ്റയുടെ മൊഴി.

## Article Content

കന്യാകുമാരി : രാശി ശരിയല്ലെന്ന അമ്മായിയമ്മയുടെ കുത്തുവാക്ക് കേട്ട് ജനിച്ച് 41 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ യുവതി ശ്വാസംമുട്ടിച്ച് കൊന്നു. കന്യാകുമാരിയിലെ കരുങ്ങലിനടുത്താണ് സംഭവം. ക്രൂരകൊലപാതകം നടത്തിയ അമ്മ ബെനിറ്റ ജയ യെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിനോടും അമ്മായിയമ്മയോടുമുള്ള ദേഷ്യത്തിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ബെനിറ്റയുടെ മൊഴി.

വ്യാഴാഴ്ച രാവിലെ മുലയൂട്ടുന്നതിനിടെയാണ് പെൺകുഞ്ഞ് ബോധരഹിതയായി മരിച്ചത്. മുലപ്പാൽ കുരുങ്ങിയാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ കുഞ്ഞിനെ തന്റെ ഭാര്യ ഉപദ്രവിച്ചിട്ടുണ്ടെന്നും ദുരൂഹതയുണ്ടെന്നുമുള്ള ഭർത്താവ് കാർത്തികിന്റെ മൊഴിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

പോസ്റ്റ്മോർട്ടം ചെയ്‌തപ്പോൾ നെറ്റിയിൽ രക്തം കണ്ടെത്തി. തൊണ്ടയിൽ നിന്ന് ടിഷ്യു പേപ്പറിന്റെ കഷണവും ലഭിച്ചു. ഇതോടെയാണ് വായിൽ ടിഷ്യു പേപ്പർ തിരുകിയതോടെ കുട്ടി ശ്വാസംമുട്ടി മരിച്ചതാണെന്ന് സ്ഥിരീകരിച്ചത്. പിന്നാലെ ബെനിറ്റയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കുടുംബത്തിന്റെ എതിർപ്പ് വകവയ്ക്കാതെയാണ് ഇതര മതസ്ഥനായ ദിണ്ടിഗൽ സ്വദേശി കാർത്തികുമായുള്ള പ്രണയബന്ധം ബെനിറ്റ മുന്നോട്ട് കൊണ്ടുപോയത്. ബന്ധം വീട്ടിലറിഞ്ഞതിന് പിന്നാലെ ബെനിറ്റയെ ദിണ്ടിഗലിൽ നിന്നും കന്യാകുമാരിയിലേക്ക് കുടുംബം കൊണ്ടുവന്നു. എന്നാൽ സമൂഹമാധ്യമത്തിലൂടെ ബന്ധം തുടർന്ന ഇരുവരും പിന്നീട് രഹസ്യമായി വിവാഹിതരായി.ബെനിറ്റ പ്രസവിച്ച വിവരമറിഞ്ഞ് കാർത്തികിന്റെ അമ്മ കാണാൻ വന്നു. എന്നാൽ പെൺകുട്ടിയാണെന്ന് അറിഞ്ഞതോടെ ജനിച്ച രാശി ശരിയല്ലെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും വഴക്കിടുകയുമായിരുന്നു. തുടർന്ന് ഇവരെ താമസിച്ചിരുന്ന വീട്ടിൽ നിന്നും പുറത്താക്കുകയും ചെയ്തു.

ഇതോടെ ഭർത്താവിനെയും കുഞ്ഞിനെയും കൂട്ടി ബെനിറ്റ കന്യാകുമാരിയിലെ സ്വന്തം വീട്ടിലേക്ക് വന്നു. ഇവിടെ എത്തിയതിന് ശേഷവും ബെനിറ്റയും അമ്മയിയമ്മയുമായി ഫോണിലൂടെ വഴക്കുണ്ടായെന്ന് പൊലീസ് പറയുന്നു. അമ്മായിയമ്മ തന്നെ ശകാരിച്ചപ്പോഴും ഭർത്താവ് അവർക്ക് അനുകൂലമായി സംസാരിച്ചെന്ന് പറഞ്ഞ് ബെനിറ്റ കാർത്തികിനോട് കലഹിച്ചു.പിന്നാലെ കുഞ്ഞിനെയെടുത്ത് ചുമരിലേക്ക് എറിഞ്ഞുവെന്നും കുട്ടിയുടെ തല മുറിഞ്ഞ് രക്തം വന്നെന്നും കാർത്തിക് പൊലീസിനോട് വെളിപ്പെടുത്തി. പിറ്റേന്ന് രാവിലെ കാർത്തിക് പുറത്തുപോയ നേരത്ത് തൊട്ടിലിൽ കിടന്ന കുഞ്ഞിന്റെ വായിൽ ബെനിറ്റ ടിഷ്യു പേപ്പർ തിരുകുകയായിരുന്നു.

കാർത്തിക് തിരികെ വീട്ടിലെത്തിയപ്പോൾ കുഞ്ഞിനെയെടുത്ത് മുലയൂട്ടുന്നതായി ബെനിറ്റ ഭാവിച്ചു.കുഞ്ഞിന് അനക്കമില്ലെന്ന് ഉറപ്പാക്കിയതോടെ ബോധമില്ലെന്ന് പറഞ്ഞ് കരയുകയായിരുന്നു. കുഞ്ഞിനെ ഉടൻ തന്നെ കാർത്തിക് വാരിയെടുത്ത് ആശുപത്രിയിലെത്തിച്ചതോടെയാണ് മരിച്ചെന്ന് സ്ഥിരീകരിച്ചത്. അറസ്റ്റിലായ ബെനിറ്റ നിലവിൽ തക്കല ജയിലിലാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/314557/woman-suffocates-41-day-old-baby-girl-to-death-after-mother-in-law-taunts-her-that-her-horoscope-is-wrong)