---
title: "കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു ; ഒഴിവായത് വൻ ദുരന്തം "
english_title: "KSRTC bus meets with accident; a major tragedy averted"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/314389/ksrtc-bus-meets-with-accident-a-major-tragedy-averted"
published_at: "2025-09-12T14:07:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3dda49ef75_accidet.jpg"
keywords: []
---

# കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു ; ഒഴിവായത് വൻ ദുരന്തം 

> **Lead Summary:** കൊച്ചി : വൈറ്റില റെയിൽവേ മേൽപ്പാലത്തിനുമുകളിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. വൈറ്റിലയിൽനിന്ന് ഇടപ്പള്ളി അമൃത ആശുപത്രിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.

## Article Content

കൊച്ചി : വൈറ്റില റെയിൽവേ മേൽപ്പാലത്തിനുമുകളിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. വൈറ്റിലയിൽനിന്ന് ഇടപ്പള്ളി അമൃത ആശുപത്രിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.

വ്യാഴം രാവിലെ എട്ടിനായിരുന്നു അപകടം.ബസിന്റെ മുന്നിൽ പോകുകയായിരുന്ന ഓട്ടോ പാലത്തിലെ കുഴിയിൽ വീഴാതിരിക്കാൻ പെട്ടെന്ന് വേഗം കുറച്ചു. ഇതിൽ ഇടിക്കാതിരിക്കാൻ പിന്നിൽ വന്ന കെഎസ്ആർടിസി ബസ് വെട്ടിച്ചപ്പോൾ ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് നിയന്ത്രണം തെറ്റിയ ബസ് രണ്ട് ഇരുചക്രവാഹനങ്ങളിലും ഇടിച്ച് പാലത്തിന്റെ കൈവരിക്കുസമീപം നിന്നതിനാൽ വലിയ അപകടം ഒഴിവായി. ബസ് ഡ്രൈവർ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുതരമല്ല.

ഡ്രൈവർ ഇരുന്ന ഭാഗം പൂർണമായി തകർന്നു. അപകടത്തെ തുടർന്ന് ബസിന്റെ സ്റ്റിയറിങ് ലോക്കായി. ബസിന്റെ പിൻഭാഗം മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തവിധത്തിൽ റോഡിന് കുറുകെ കിടന്നതിനാൽ കുണ്ടന്നൂർമുതൽ ഇടപ്പള്ളിവരെ രാവിലെ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പൊലീസെത്തി ഗതാഗതം നിയന്ത്രിച്ചു. പിന്നീട് മെക്കാനിക്കുകളുടെ സഹായത്താൽ ബസ് പാലത്തിൽനിന്ന് മാറ്റിയശേഷമാണ് ഗതാഗതം സാധാരണനിലയിലായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/314389/ksrtc-bus-meets-with-accident-a-major-tragedy-averted)