---
title: "നടുറോഡിൽ കോഴിയെ കൊന്നുതിന്ന് തെരുവുനായ്ക്കൂട്ടം ; വഴിയാത്രക്കാർ ഭയന്നു"
english_title: "A pack of stray dogs killed and ate a chicken in the middle of the road; passersby were scared"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/313932/a-pack-of-stray-dogs-killed-and-ate-a-chicken-in-the-middle-of-the-road-passersby-were-scared"
published_at: "2025-09-10T11:59:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c11ccdb3eb4_dogs.jpg"
keywords: []
---

# നടുറോഡിൽ കോഴിയെ കൊന്നുതിന്ന് തെരുവുനായ്ക്കൂട്ടം ; വഴിയാത്രക്കാർ ഭയന്നു

> **Lead Summary:** തൃപ്പൂണിത്തുറ : നടുറോഡിൽ കോഴിയെ കൊന്നുതിന്ന് തെരുവുനായ്ക്കൂട്ടം. ഇതു കണ്ട് വഴിയാത്രക്കാർ ഭയന്നു. ചൊവ്വാഴ്ച രാവിലെ ഏഴോടെ തൃപ്പൂണിത്തുറ തെക്കുംഭാഗം അമ്പനാട്ട് റോഡിലാണ് സംഭവം.

## Article Content

തൃപ്പൂണിത്തുറ : നടുറോഡിൽ കോഴിയെ കൊന്നുതിന്ന് തെരുവുനായ്ക്കൂട്ടം. ഇതു കണ്ട് വഴിയാത്രക്കാർ ഭയന്നു. ചൊവ്വാഴ്ച രാവിലെ ഏഴോടെ തൃപ്പൂണിത്തുറ തെക്കുംഭാഗം അമ്പനാട്ട് റോഡിലാണ് സംഭവം.

കടിച്ചുകൊന്ന കോഴിക്കുവേണ്ടി തെരുവുനായ്ക്കൾ കടിപിടികൂടുകയും കോഴിയെ വലിച്ചുകീറി നായ്ക്കൾ തിന്നുതീർക്കുകയും ചെയ്തു.വടികളുമായി സമീപവാസികളായ ചിലരെത്തി നായ്ക്കളെ ഓടിക്കുകയായിരുന്നു. ആഴ്‌ചകൾക്കു മുൻപ് ഒരു പ്രാവിനെ നായ്ക്കൾ പിടികൂടി തിന്നുകയുണ്ടായി.

തൃപ്പൂണിത്തുറ നഗരസഭാ പ്രദേശത്ത് തെരുവുനായ്ക്കളുടെ വിഹാരമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. പകലും രാത്രിയും മനുഷ്യർക്ക് തെരുവുനായ്ക്കളെ ഭയന്നല്ലാതെ പുറത്തിറങ്ങി നടക്കാൻപോലും പറ്റാത്ത അവസ്ഥയാണിവിടെ. തൃപ്പൂണിത്തുറ ഗവ. ഗേൾസ് സ്കൂൾ അങ്കണത്തിൽപ്പോലും തെരുവുനായ്ക്കൾ പ്രസവിച്ച് കുഞ്ഞുങ്ങളുമായി കിടക്കുന്നതുകാണാം.

ഇതിനെതിരേ അധികൃതർക്ക് പരാതി കൊടുത്തിട്ട് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.തെരുവുനായ്ക്കളുടെ വംശവർധന തടയാനായി നഗരസഭ മുൻപ് ലക്ഷങ്ങൾ മുടക്കി വന്ധ്യംകരണ നടപടികൾ നടത്തിയെങ്കിലും അതൊന്നും ഫലവത്തായില്ല.പലയിടത്തും ആളുകൾക്ക് കടിയേൽക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നു.വീടുകളിൽനിന്ന് ഷൂസ്, ചെരിപ്പുകൾ തുടങ്ങിയവയൊക്കെ നായ്ക്കൾ കടിച്ചുകീറി നശിപ്പിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/313932/a-pack-of-stray-dogs-killed-and-ate-a-chicken-in-the-middle-of-the-road-passersby-were-scared)