---
title: " ഉദ്ഘാടനം കഴിഞ്ഞ് ഏഴുമാസം ; ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലത്തിൽ വിള്ളലുകൾ"
english_title: "Seven months after inauguration; cracks in Chengolapaam railway overpass"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/313706/seven-months-after-inauguration-cracks-in-chengolapaam-railway-overpass"
published_at: "2025-09-09T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bfd36dad2d0_villal.jpg"
keywords: []
---

#  ഉദ്ഘാടനം കഴിഞ്ഞ് ഏഴുമാസം ; ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലത്തിൽ വിള്ളലുകൾ

> **Lead Summary:** മുളന്തുരുത്തി : ഉദ്ഘാടനം കഴിഞ്ഞ് ഏഴുമാസം മാത്രമായ, മുളന്തുരുത്തി-ചോറ്റാനിക്കര റോഡിലെ ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലത്തിലെ ഒട്ടേറെ ഗർഡറുകളിലെ കോൺക്രീറ്റിൽ പൊട്ടലും വിള്ളലും. ചിലതിൽ കോൺക്രീറ്റ് പൊട്ടി കമ്പികൾ പുറത്തായനിലയിലാണ്.

## Article Content

മുളന്തുരുത്തി : ഉദ്ഘാടനം കഴിഞ്ഞ് ഏഴുമാസം മാത്രമായ, മുളന്തുരുത്തി-ചോറ്റാനിക്കര റോഡിലെ ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലത്തിലെ ഒട്ടേറെ ഗർഡറുകളിലെ കോൺക്രീറ്റിൽ പൊട്ടലും വിള്ളലും. ചിലതിൽ കോൺക്രീറ്റ് പൊട്ടി കമ്പികൾ പുറത്തായനിലയിലാണ്.

2018-ൽ റെയിൽവേ നേരിട്ടാണ് റെയിൽവേ ലൈനിനുമുകളിൽ മേൽപ്പാലം നിർമിച്ചത്. എന്നാൽ സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത് അപ്രോച്ച് റോഡ് നിർമിക്കുന്നതിൽ കാലതാമസമുണ്ടായി. സംസ്ഥാന സർക്കാർ ഏജൻസിയായ ആർബിഡിസികെ അപ്രോച്ച് റോഡ് നിർമിച്ചതോടെ ഫെബ്രുവരി 18-ന് പാലത്തിലൂടെ ഗതാഗതം ആരംഭിച്ചു.

ഫെബ്രുവരി 18-ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായാണ് പാലം ഉദ്ഘാടനം ചെയ്‌തത്. വാഹനങ്ങൾ പാലത്തിലൂടെ കയറിയിറങ്ങിയതോടെ റെയിൽവേ നിർമിച്ച ഗർഡറുകളിൽ തകരാറുകൾ സംഭവിച്ചു. ആദ്യഘട്ടത്തിൽ ചെറിയ വിള്ളലുകളുണ്ടായത് പിന്നീട് കോൺക്രീറ്റ് തന്നെ ഇളകി കമ്പികൾ പുറത്തുകാണുന്ന തരത്തിലാവുകയായിരുന്നു.

ഗർഡറുകളിൽ മിക്കതിലും തകരാറുകൾ ഉള്ളതിനാൽ അടിയന്തരമായി പരിശോധിച്ച് തകരാറുകൾ പരിഹരിച്ചില്ലെങ്കിൽ പാലം തന്നെ അപകടാവസ്ഥയിലാവുമെന്നാണ് ആശങ്ക.ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലത്തിലെ വിള്ളലുകൾ സംബന്ധിച്ച് സതേൺ റെയിൽവേ ചീഫ് മാനേജരുമായും ആർബിഡിസികെയുമായും സംസാരിച്ചതായി അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു. ആർബിഡിസികെ ഉദ്യോഗസ്ഥർ അടിയന്തരമായി പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/313706/seven-months-after-inauguration-cracks-in-chengolapaam-railway-overpass)