---
title: "ഓണാഘോഷങ്ങൾക്ക് പൊലിമയേകി പാമ്പാക്കുട അരീക്കൽ ഫെസ്റ്റിന് നാളെ തുടക്കം "
english_title: "Pampakkuta Areekal Festival begins tomorrow, bringing police to Onam celebrations"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/312496/pampakkuta-areekal-festival-begins-tomorrow-bringing-police-to-onam-celebrations"
published_at: "2025-09-02T13:29:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6a49bc5a0f_pambada_.jpg"
keywords: []
---

# ഓണാഘോഷങ്ങൾക്ക് പൊലിമയേകി പാമ്പാക്കുട അരീക്കൽ ഫെസ്റ്റിന് നാളെ തുടക്കം 

> **Lead Summary:** പാമ്പാക്കുട : ഓണാഘോഷങ്ങൾക്ക് പൊലിമയേകി പാമ്പാക്കുട ഗ്രാമപ്പഞ്ചായത്ത് സംഘടിപ്പിക്കുന്ന അരീക്കൽ ഫെസ്റ്റിന് സെപ്റ്റംബർ മൂന്നിന് അരങ്ങുണരും.

## Article Content

പാമ്പാക്കുട : ഓണാഘോഷങ്ങൾക്ക് പൊലിമയേകി പാമ്പാക്കുട ഗ്രാമപ്പഞ്ചായത്ത് സംഘടിപ്പിക്കുന്ന അരീക്കൽ ഫെസ്റ്റിന് സെപ്റ്റംബർ മൂന്നിന് അരങ്ങുണരും.

ജില്ലയിലെതന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അരീക്കൽ (അരുവിക്കൽ) വെള്ളച്ചാട്ടം കേന്ദ്രമാക്കിയാണ് അഞ്ചുദിവസത്തെ പ്രാദേശിക ഉത്സവമായി ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് ശ്രീകാന്ത് നന്ദനനും ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.എസ്. മധുസൂദനനും പത്രസമ്മേളനത്തിൽ പറഞ്ഞു.

ബുധനാഴ്ച 2.30-ന് പാമ്പാക്കുടയിലാണ് ഉദ്ഘാടനം. പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനാകും. വൈകീട്ട് 6.30-ന് അരീക്കലിലെ വൈദ്യുത ദീപാലങ്കാരങ്ങൾ എംഎൽഎ സ്വിച്ച് ഓൺ ചെയ്യും. അരീക്കൽ മൈതാനിയിൽ 7-ന് ആലപ്പുഴ ബ്ലൂഡയമണ്ടിൻ്റെ ഗാനമേളയുണ്ട്.

സെപ്റ്റംബർ 4, 5 തീയതികളിൽ അരീക്കൽ ബോയ്‌സിന്റെ വിവിധ കലാപരിപാടികൾ അരങ്ങേറും. സെപ്റ്റംബർ ആറിന് വൈകീട്ട് 4-ന് നടക്കുന്ന മെഗാ തിരുവാതിരകളി തൃശ്ശൂർ ഡെപ്യൂട്ടി കളക്ട‌ർ എം.സി. ജ്യോതി ഉദ്ഘാടനം ചെയ്യും. മാതൃഭൂമി കൊച്ചി യൂണിറ്റ് മാനേജർ ഐശ്വര്യാദാസ് വിശിഷ്ട‌ാതിഥിയായി പങ്കെടുക്കും. മുന്നൂറോളം പേർ തിരുവാതിരകളിയിൽ പങ്കാളികളാകും. തുടർന്ന് നൃത്തപരിപാടിയുണ്ട്. വൈകീട്ട് 6-ന് നടക്കുന്ന സമാപന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ശ്രീകാന്ത് നന്ദനൻ അധ്യക്ഷനാകും. തുടർന്ന് ദക്ഷ ടീമിൻ്റെ നാടൻപാട്ട് പരിപാടി അരങ്ങേറും.

ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി വി.ജി. രഞ്ജിത്ത്, വൈസ് പ്രസിഡൻ്റ് ശ്യാമളാ പ്രസാദ്, പ്രതിപക്ഷ നേതാവ് ബേബി ജോസഫ് എന്നിവരും അംഗങ്ങളായ ജിനു സി. ചാണ്ടി, ഇ.വി. ഫിലിപ്പ് തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/312496/pampakkuta-areekal-festival-begins-tomorrow-bringing-police-to-onam-celebrations)