---
title: "യുവാവിനെ സഹപാഠികൾ ഭീഷണിപ്പെടുത്തിയും മർദിച്ചും കാലുപിടിപ്പിച്ചു ; അഞ്ച് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു"
english_title: "A young man was threatened and beaten by his classmates; five students were suspended"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/311563/a-young-man-was-threatened-and-beaten-by-his-classmates-five-students-were-suspended"
published_at: "2025-08-28T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b01fb55fc58_ssus.jpg"
keywords: []
---

# യുവാവിനെ സഹപാഠികൾ ഭീഷണിപ്പെടുത്തിയും മർദിച്ചും കാലുപിടിപ്പിച്ചു ; അഞ്ച് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു

> **Lead Summary:** പിറവം : യുവാവിനെ സഹപാഠികൾ ഭീഷണിപ്പെടുത്തിയും മർദിച്ചും കാലുപിടിപ്പിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അഞ്ച് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു.

## Article Content

പിറവം : യുവാവിനെ സഹപാഠികൾ ഭീഷണിപ്പെടുത്തിയും മർദിച്ചും കാലുപിടിപ്പിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അഞ്ച് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു.

പാമ്പാക്കുടയിൽ പഠിക്കുന്ന ഒന്നാം വർഷ പോളിടെക്നിക് വിദ്യാർഥിയെ സഹപാഠികളുടെ സംഘം വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയാണ് ക്രൂരതയ്ക്ക് ഇരയാക്കിയത്. സംഭവം റാഗിങ്ങാണെന്ന തരത്തിൽ പ്രചരിച്ചതോടെ കോളേജ് അധികൃതർ അന്വേഷണം നടത്തുകയായിരുന്നു. നടുറോഡിൽ നടന്ന അതിക്രമം അവരിലൊരാൾ തന്നെയാണ് വീഡിയോ എടുത്ത് പ്രചരിപ്പിച്ചത്.

വിദ്യാർഥിയെ ചോദ്യംചെയ്യുന്നതും തള്ളിയിടുന്നതും പിന്നീട് മൂന്നു പേരുടെ കാലുപിടിപ്പിക്കുന്നതുമാണ് ദൃശ്യം. കോലഞ്ചേരി ഭാഗത്തെ റോഡിൽ ഒരാഴ്ച്‌ച മുൻപാണിത് അരങ്ങേറിയതെന്നു പറയുന്നു. ഒരേ ക്ലാസിൽ പഠിക്കുന്ന കുട്ടികളാണെന്നും സീനിയർ വിദ്യാർഥികൾക്ക് പങ്കില്ലെന്നും വന്നതോടെ സംഭവം റാഗിങ് അല്ലെന്ന് കോളേജിലെ ആന്റി റാഗിങ് സമിതി വിലയിരുത്തി.

ഒന്നാംവർഷ പോളി ടെക്‌നിക് ക്ലാസിലെ കുട്ടികൾക്കിടയിൽ കഴിഞ്ഞ കുറച്ചുദിവസമായി നിലനിൽക്കുന്ന തർക്കവും വഴക്കുമാണ് കാലുപിടിപ്പിക്കലിൽ കലാശിച്ചതെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. ഇതു സംബന്ധിച്ച് രാമമംഗലം പോലീസിന് റിപ്പോർട്ടും നൽകി.

അതിക്രമത്തിന് ഇരയായ വിദ്യാർഥിയും വീട്ടുകാരും ഇതേച്ചൊല്ലി പരാതിപ്പെട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തിയ കോളേജ് അധികൃതർ ഇതുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാർഥികളെ സസ്പെൻഡ് ചെയ്‌തതായി പ്രിൻസിപ്പൽ പറഞ്ഞു.

റാഗിങ്ങല്ലെന്നാണ് കോളേജിലെ ആന്റി റാഗിങ് സമിതി റിപ്പോർട്ട് നൽകിയതെന്നും പരാതിക്കാരില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്നും രാമമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ. മോഹൻദാസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/311563/a-young-man-was-threatened-and-beaten-by-his-classmates-five-students-were-suspended)