---
title: " ഷർട്ടും പണവും ചോദിച്ചു ബഹളമുണ്ടാക്കി ;  ജനറൽ ആശുപത്രിയിൽ അതിക്രമിച്ചുകയറി യുവാവിന്റെ പരാക്രമണം "
english_title: "Youth storms into General Hospital, creates ruckus by demanding shirt and money"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/310768/youth-storms-into-general-hospital-creates-ruckus-by-demanding-shirt-and-money"
published_at: "2025-08-25T12:49:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac0fc056ae3_general.jpg"
keywords: []
---

#  ഷർട്ടും പണവും ചോദിച്ചു ബഹളമുണ്ടാക്കി ;  ജനറൽ ആശുപത്രിയിൽ അതിക്രമിച്ചുകയറി യുവാവിന്റെ പരാക്രമണം 

> **Lead Summary:** കൊച്ചി : എറണാകുളം ജനറൽ ആശുപത്രിയിൽ അതിക്രമിച്ചുകയറിയ യുവാവ് ഉപകരണങ്ങൾ തകർത്തു. തേവര സ്വദേശി ആൽബിനാണ് ആക്രമണം നടത്തിയത്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് റിസപ്ഷനിലെ രണ്ടു കംപ്യൂട്ടറുകളും പ്രിൻ്ററും പുറത്ത് പാർക്ക് ചെയ്‌തിരുന്ന കാറിൻ്റെ ചില്ലും തകർത്തു.

## Article Content

കൊച്ചി : എറണാകുളം ജനറൽ ആശുപത്രിയിൽ അതിക്രമിച്ചുകയറിയ യുവാവ് ഉപകരണങ്ങൾ തകർത്തു. തേവര സ്വദേശി ആൽബിനാണ് ആക്രമണം നടത്തിയത്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് റിസപ്ഷനിലെ രണ്ടു കംപ്യൂട്ടറുകളും പ്രിൻ്ററും പുറത്ത് പാർക്ക് ചെയ്‌തിരുന്ന കാറിൻ്റെ ചില്ലും തകർത്തു.

ഞായർ പകൽ 12.30നാണ് സംഭവം. ഷർട്ടും പണവും ചോദിച്ചാണ് ആൽബിൻ ബഹളമുണ്ടാക്കിയതെന്ന് സൂപ്രണ്ട് ഡോ. ആർ ഷാഹിർഷാ പറഞ്ഞു. അയാൾ ഷർട്ട് ധരിച്ചിരുന്നില്ല. ചോദിച്ചവ കിട്ടാതായതോടെ കൂടുതൽ അക്രമാസക്തനായി. ആശുപത്രിയിൽ പ്രവേശിപ്പിക്കാനായി കൊണ്ടുവന്ന മാനസികവെല്ലുവിളി നേരിടുന്ന ഒരു സ്ത്രീ അക്രമാസക്തയായപ്പോൾ സുരക്ഷാ ജീവനക്കാർ പിടിച്ചുമാറ്റാൻ പോയിരുന്നു. ഈ നേരത്താണ് ആൽബിൻ റിസപ്ഷനിലേക്ക് എത്തിയത്.

മറ്റു ജീവനക്കാർ ബഹളംവച്ചതോടെ സുരക്ഷാ ജീവനക്കാരെത്തി ആൽബിനെ പിടിച്ചുവച്ചു. സൂപ്രണ്ടിന്റെ പരാതിയിൽ ഇയാളെ സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ജനറൽ ആശുപത്രിയിൽത്തന്നെ പ്രാഥമികചികിത്സയും നൽകി.

അതേസമയം, എറണാകുളം ബോട്ട് ജെട്ടി പരിസരത്ത് യുവതിയോട് മോശമായി പെരുമാറിയതിന് നാട്ടുകാർ ആൽബിനെ കൈയേറ്റം ചെയ്‌തതായും ഇവിടെനിന്ന് രക്ഷപ്പെട്ടാണ് ജനറൽ ആശുപത്രിയിൽ എത്തിയതെന്നും വിവരമുണ്ട്. ഇക്കാര്യവും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/310768/youth-storms-into-general-hospital-creates-ruckus-by-demanding-shirt-and-money)