---
title: "ആഘോഷ നാളുകൾക്ക്  തുടക്കം ; അത്തച്ചമയ ഘോഷയാത്ര നാളെ"
english_title: "The festive days begin; The Attachamaya procession will take place tomorrow"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/310747/the-festive-days-begin-the-attachamaya-procession-will-take-place-tomorrow"
published_at: "2025-08-25T11:01:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68abf7195f6d5_onam.jpg"
keywords: []
---

# ആഘോഷ നാളുകൾക്ക്  തുടക്കം ; അത്തച്ചമയ ഘോഷയാത്ര നാളെ

> **Lead Summary:** പിറവം : നഗരസഭയുടെ ഈ വര്‍ഷത്തെ ഓണോത്സവം 2025- ആഗസ്റ്റ് 26 ചൊവ്വാഴ്ച അത്തം നാളില്‍ നടക്കുന്ന അത്തച്ചമയ സാംസ്കാരിക ഘോഷയാത്രയോടെ തുടക്കം കുറിക്കുകയാണ്.

## Article Content

പിറവം : നഗരസഭയുടെ ഈ വര്‍ഷത്തെ ഓണോത്സവം 2025- ആഗസ്റ്റ് 26 ചൊവ്വാഴ്ച അത്തം നാളില്‍ നടക്കുന്ന അത്തച്ചമയ സാംസ്കാരിക ഘോഷയാത്രയോടെ തുടക്കം കുറിക്കുകയാണ്.

പിറവം സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് 3.30 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ. കെ.ബി. ഗണേഷ്കുമാര്‍ ഉദ്ഘാടനം നടത്തുകയും ബഹു. എം.പി. ശ്രീ. ഫ്രാന്‍സിസ് ജോര്‍ജ്ജ് ഫ്ളാഗ് ഓഫ് ചെയ്ത് ഘോഷയാത്ര ആരംഭിക്കുന്നതാണ്.

തദവസരത്തില്‍ എം.എല്‍.എ. അഡ്വ. അനൂപ് ജേക്കബ് അത്തപതാക ഉയര്‍ത്തും. സമ്മേളനത്തിന് ശേഷം 4.30 ന് ആരംഭിക്കുന്ന ഘോഷയാത്രയില്‍ വിവിധ നാടന്‍ കലാരൂപങ്ങളായ മഹാബലി, പുലികളി, തമ്പോല, കാളിനൃത്തം, നന്ദികേശന്‍, ഡോള്‍ഫിന്‍, മയൂര നൃത്തം, അരയന്നം, ഓച്ചിറ കാള, ദേവനൃത്തം, തിറകളി, ഹനുമാന്‍, നരസിംഹം, ആട്ടകാവടി, കൊട്ടകാവടി, പടയണി, ചെണ്ടമേളം, ശിങ്കാരിമേളം, കാവടിമേളം, തെയ്യം, പഞ്ചവാദ്യം, എന്‍.സി.സി. ബാന്‍ഡ്സെറ്റ് നിശ്ചലദൃശ്യങ്ങള്‍ എന്നിവ അണിനിരക്കുന്നതാണ്. സെന്‍റ് ജോസഫ്സ് ഹൈസ്കൂളില്‍ നിന്നും ആരംഭിച്ച് പഴയ പെട്രോള്‍ പമ്പ് വഴി കരവട്ടെകുരിശ് കടന്ന് പിറവം ബസ് സ്റ്റാന്‍റിന് മുമ്പിലൂടെ പള്ളികവല വഴി പാലം കടന്ന് ദേവിപ്പടിയില്‍ സമാപിക്കുന്നതാണ്.

3 മണി മുതല്‍ മുവാറ്റുപുഴ ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ ഓണക്കൂര്‍ പള്ളിപ്പടിയില്‍ നിന്നും, ചെറുവാഹനങ്ങള്‍ കൊള്ളിക്കല്‍ ജംഗക്ഷനില്‍ നിന്നു തിരിഞ്ഞ് കൊച്ചുപള്ളി ഗ്രൗണ്ടില്‍/വലിയപളളിയുടെ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. പാലച്ചുവട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ഐ.റ്റി.സി. കവലയില്‍ അവസാനിപ്പിക്കേണ്ടതാണ്.

കോട്ടയം ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ പഴയ പഞ്ചായത്ത് കവലയില്‍ (അണ്ടേത്ത് കവല) ട്രിപ്പ് അവസാനിപ്പിക്കേണ്ടതാണ്. എറണാകുളം ഭാഗത്ത് നിന്ന് വരുന്ന ബസ്സുകള്‍ മുല്ലൂര്‍പടിയില്‍ ട്രിപ്പ് അവസാനിപ്പിക്കണം. പാലാ, എറണാകുളം ബസ്സുകളും സ്വകാര്യ വാഹനങ്ങളും മുല്ലൂര്‍പടിയില്‍ നിന്നും തിരിഞ്ഞ് മുളക്കുളം പള്ളിപ്പടി കൂടി പാലച്ചുവട് വഴി പോകേണ്ടതാണ്.

കൂത്താട്ടുകുളം മുവാറ്റുപുഴ ബസ്സുകള്‍ കക്കാട് കവല വഴി തിരിഞ്ഞ് പോകേണ്ടതാണ്. 3 മണി മുതല്‍ പിറവം സെന്‍റ് ജോസഫ്സ് സ്കൂള്‍ മുതല്‍ പിറവം ദേവിപ്പടി ജംഗ്ക്ഷന്‍ വരെ ഘോഷയാത്ര കടന്ന് വരുന്ന വഴികളില്‍ ഇരുവശവും പാര്‍ക്കിംഗ് നിരോധിച്ചിരിക്കുന്നതാണ്.

ആഗസ്റ്റ് 25 മുതല്‍ സെപ്തംബര്‍ 5 വരെ പിറവം ടൗണില്‍ മികച്ച രീതിയില്‍ അലങ്കരിക്കുന്ന വ്യാപാര സ്ഥാപനത്തിന് സമ്മാനം ഉണ്ടായിരിക്കുന്നതാണ്.

സെപ്തംബര്‍ 1, 2 ദിവസങ്ങളില്‍ പിറവം ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി പിറവം പോസ്റ്റ് ഓഫീസ് ജംഗ്ക്ഷന്‍ മുതല്‍ ത്രീറോഡ് ജംഗ്ക്ഷന്‍ വരെ (ബസ് ബേ) ആഗ്സ്റ്റ് 30 ശനി മുതല്‍ സെപ്തംബര്‍ 2 ചൊവ്വാഴ്ച വരെ ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു.

സെപ്തംബര്‍ 1 ന് വൈകുന്നേരം 5 മണിമുതല്‍ തിരുവാതിര കളിയും കൈകൊട്ടികളിയും ഫുഡ്ഫെസ്റ്റ് നടക്കുന്ന സ്റ്റേജില്‍ അരങ്ങേറുന്നതാണ്. 7.30 മുതല്‍ നിറനിലാവ് നാട്ടുകൂട്ടം ബാന്‍ഡിന്‍റെ നാടന്‍ പാട്ടും ഉണ്ടായിരിക്കുന്നതാണ്.

സെപ്തംബര്‍ 2 ന് ഫുഡ്ഫെസ്റ്റ് തുടരുകയും വൈകുന്നേരം 5 മണിക്ക് തീറ്റ മത്സരവും 7 മണി മുതല്‍ പിറവം ഫ്യൂഷന്‍ മ്യൂസിക്കിന്‍റെ ഫ്യൂഷന്‍ സന്ധ്യ ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം നഗരസഭ അങ്കണത്തില്‍ 3 മണിക്ക് വടംവലി മത്സരവും ഉണ്ടായിരിക്കുന്നതാണ്. ഫുഡ് ഫെസ്റ്റ് നടക്കുന്ന രണ്ട് ദിവസങ്ങളിലും രാത്രി 10 മണി വരെ ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.സെപ്തംബര്‍ 3 ബുധനാഴ്ച നഗരസഭ ഹാളില്‍ പൂക്കള മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/310747/the-festive-days-begin-the-attachamaya-procession-will-take-place-tomorrow)