---
title: "മൃതദേഹത്തിൽ വസ്ത്രങ്ങളില്ല, ചെവി മുറിച്ച നിലയിൽ ; മാലിന്യ ടാങ്കിൽ കൊന്നു തള്ളിയ 61കാരിയെ തിരിച്ചറിഞ്ഞു"
english_title: "Body found without clothes, ear cut off; 61-year-old woman found dead in garbage tank identified"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/310548/body-found-without-clothes-ear-cut-off-61-year-old-woman-found-dead-in-garbage-tank-identified"
published_at: "2025-08-24T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aa82b05f3ef_kotha.jpg"
keywords: []
---

# മൃതദേഹത്തിൽ വസ്ത്രങ്ങളില്ല, ചെവി മുറിച്ച നിലയിൽ ; മാലിന്യ ടാങ്കിൽ കൊന്നു തള്ളിയ 61കാരിയെ തിരിച്ചറിഞ്ഞു

> **Lead Summary:** കവളങ്ങാട് : ഊന്നുകല്ലിൽ മാലിന്യ ടാങ്കിലേക്കുള്ള ഓടയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പെരുമ്പാവൂർ വേങ്ങൂർ ദുർഗാദേവി ക്ഷേത്രത്തിനുസമീപം കുന്നത്തുതാഴെ ശാന്ത യുടേതാണെന്ന് തിരിച്ചറിഞ്ഞു.

## Article Content

കവളങ്ങാട് : ഊന്നുകല്ലിൽ മാലിന്യ ടാങ്കിലേക്കുള്ള ഓടയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പെരുമ്പാവൂർ വേങ്ങൂർ ദുർഗാദേവി ക്ഷേത്രത്തിനുസമീപം കുന്നത്തുതാഴെ ശാന്ത യുടേതാണെന്ന് തിരിച്ചറിഞ്ഞു.

ഇവരെ കൊലപ്പെടുത്തിയശേഷം ഓടയിൽ തള്ളിയതാണെന്ന് ഊന്നുകൽ പൊലീസ് പറഞ്ഞു. അടിമാലി സ്വദേശി പാലക്കാട്ടേൽ രാജേഷാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി.

കൊല്ലപ്പെട്ട ശാന്തയുടെ ഫോണിലേക്ക് വന്ന കോളുകൾ പരിശോധിച്ചതിൽനിന്നാണ് പ്രതിയിലേക്കെത്തുന്ന തെളിവ് ലഭിച്ചത്. വെള്ളി പകൽ 12 മണിയോടെയാണ് ഊന്നുകൽ വെള്ളാമക്കുത്തിൽ ദേശീയപാതയോട് ചേർന്ന് ആൾത്താമസമില്ലാത്ത വീടിൻ്റെ വർക് ഏരിയയോട് ചേർന്നുള്ള ഓടയിൽ തിരുകിക്കയറ്റിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മാലിന്യ ടാങ്കിലേക്കുള്ള ഓടയുടെ മാൻഹോളിൽക്കൂടിയാണ് മൃതദേഹം ഓടയിലേക്ക് തിരുകിക്കയറ്റിയിരുന്നത്.

പ്രദേശത്ത് ദുർഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളി വൈകിട്ട് 6.30ന് ഓടയുടെ സ്ലാബ് നീക്കി മൃതദേഹം പുറത്തെടുത്തെങ്കിലും ജീർണിച്ച നിലയിലായതിനാൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. മൃതദേഹത്തിൽ വസ്ത്രങ്ങളോ ധരിച്ചിരുന്ന ആഭരണങ്ങളോ ഉണ്ടായിരുന്നില്ല.മൃതദേഹം സൂക്ഷിച്ചിരുന്ന എറണാകുളം മെഡിക്കൽ കോളേജിലെത്തിയ ബന്ധുക്കളാണ് ശനിയാഴ് തിരിച്ചറിഞ്ഞത്.

കഴിഞ്ഞ 18 മുതൽ ശാന്തയെ കാണാനില്ലെന്ന് മകൻ കുറുപ്പംപടി പൊലീസിൽ പരാതി നൽകിയിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്‌പി പി എം ബൈജുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ശാന്തയുടെ മൃതദേഹം സംസ്കരിച്ചു. ഭർത്താവ്: ബേബി. മക്കൾ: ബിജിത്, ബിന്ദു. മരുമകൾ: ഐശ്വര്യ.

ശാന്തയുടെ മൃതദേഹത്തിൽനിന്ന് കവർന്ന ഒമ്പതു പവനോളം സ്വർണം അടിമാലിയിലെ സ്ഥാപനത്തിൽനിന്ന് കണ്ടെടുത്തു. സ്വർണം വിറ്റുകിട്ടിയ പണംകൊണ്ട് രാജേഷിൻ്റെ ഭാര്യക്ക് മൂന്നുപവന്റെ ആഭരണം വാങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതി യുടെ കാറും കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/310548/body-found-without-clothes-ear-cut-off-61-year-old-woman-found-dead-in-garbage-tank-identified)