---
title: "കൂത്താട്ടുകുളം ബാറിൽ മധ്യവയസ്കനെ തലയ്‌ക്കടിച്ചുവീഴ്‌ത്തിയ സംഭവം ;  പ്രതികൾ റിമാൻഡിൽ   "
english_title: "Middle-aged man hit on the head in Koothattukulam bar; Accused remanded"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/310545/middle-aged-man-hit-on-the-head-in-koothattukulam-bar-accused-remanded"
published_at: "2025-08-24T08:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aa7f66aa211_arrest.jpg"
keywords: []
---

# കൂത്താട്ടുകുളം ബാറിൽ മധ്യവയസ്കനെ തലയ്‌ക്കടിച്ചുവീഴ്‌ത്തിയ സംഭവം ;  പ്രതികൾ റിമാൻഡിൽ   

> **Lead Summary:** കൂത്താട്ടുകുളം : ബാറിലുണ്ടായ തർക്കത്തിനിടെ യുവാക്കൾ എയർഗൺകൊണ്ട് മധ്യവയസ്കനെ തലയ്‌ക്കടിച്ചുവീഴ്‌ത്തുകയും രണ്ടുപേരെ പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ റിമാൻഡിൽ.

## Article Content

കൂത്താട്ടുകുളം : ബാറിലുണ്ടായ തർക്കത്തിനിടെ യുവാക്കൾ എയർഗൺകൊണ്ട് മധ്യവയസ്കനെ തലയ്‌ക്കടിച്ചുവീഴ്‌ത്തുകയും രണ്ടുപേരെ പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ റിമാൻഡിൽ.

മാറിക അരിശേരിക്കരയിൽ എ കെ അമൽ (35), കിഴകൊമ്പ് വട്ടപ്പറമ്പിൽ ലിഞ്ചു വി അവരാച്ചൻ (34), പാലക്കുഴ പഴുക്കനായ്ക്കൽ എൽദോ തങ്കച്ചൻ (36) എന്നിവരെയാണ് മൂവാറ്റുപുഴ കോടതി റിമാൻഡ് ചെയ്തത്.

വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.വെള്ളി രാത്രി 7.30ന്‌ കൂത്താട്ടുകുളം അമൃത് ബാറിലാണ്‌ സംഘർഷമുണ്ടായത്‌. സംഭവത്തിൽ കോഴിപ്പിള്ളി ആലിലത്താഴത്ത് എ സി റെജി (60), സുഹൃത്തുക്കളായ കൂത്താട്ടുകുളം കടുവാക്കുഴിയിൽ സി ജി കുഞ്ഞിക്കണ്ണൻ, സാബു എന്നിവർക്കാണ് പരിക്കേറ്റത്.

തടിപ്പണിത്തൊഴിലാളിയാണ് റെജി. ലോഡ് ഇറക്കിയശേഷം കൂലിയുമായി വരുന്ന ഉടമയെ കാത്ത് റെജിയും സുഹൃത്തുക്കളും ബാറിനുപുറത്ത് സംസാരിച്ചുനിൽക്കുകയായിരുന്നു. കാറിലെത്തിയവർ പ്രകോപനമില്ലാതെ ആക്രമിച്ചതായാണ് ആശുപത്രിയിൽ കഴിയുന്നവരുടെ മൊഴി.

ആക്രമണം തടയുന്നതിനിടെ റെജിയെ യുവാക്കൾ തോക്കിന്റെ പാത്തികൊണ്ട് തലയുടെ പിൻഭാഗത്തും പുറത്തും അടിച്ചുവീഴ്‌ത്തി. സാബുവിനും കുഞ്ഞിക്കണ്ണനും തോക്കിന് അടിയേറ്റു. സംഭവസ്ഥലത്തുനിന്ന്‌ പൊലീസ് പ്രതികളെ പിടികൂടി. അറസ്റ്റിലായവർ സഞ്ചരിച്ച കാറും തോക്കും കസ്റ്റഡിയിലെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/310545/middle-aged-man-hit-on-the-head-in-koothattukulam-bar-accused-remanded)