---
title: "നിലം പൊത്താറായി ; മുളന്തുരുത്തിയിൽ സിവിൽ സ്റ്റേഷൻ കെട്ടിടസമുച്ചയം ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിൽ "
english_title: "The ground has become slippery; the civil station building complex in Mulanthuruthy is in a state of collapse."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/310445/the-ground-has-become-slippery-the-civil-station-building-complex-in-mulanthuruthy-is-in-a-state-of-collapse"
published_at: "2025-08-23T15:41:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a9941964118_mulan.jpg"
keywords: []
---

# നിലം പൊത്താറായി ; മുളന്തുരുത്തിയിൽ സിവിൽ സ്റ്റേഷൻ കെട്ടിടസമുച്ചയം ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിൽ 

> **Lead Summary:** മുളന്തുരുത്തി: മുളന്തുരുത്തി ആശുപത്രിക്കവലയ്ക്കുസമീപം വിവിധ സർക്കാർ ഓഫീസുകൾ പ്രവർത്തിച്ചിരുന്ന സിവിൽ സ്റ്റേഷൻ കെട്ടിടസമുച്ചയം പഴകി ജീർണിച്ച് ഏതുസമയവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിൽ.

## Article Content

മുളന്തുരുത്തി: മുളന്തുരുത്തി ആശുപത്രിക്കവലയ്ക്കുസമീപം വിവിധ സർക്കാർ ഓഫീസുകൾ പ്രവർത്തിച്ചിരുന്ന സിവിൽ സ്റ്റേഷൻ കെട്ടിടസമുച്ചയം പഴകി ജീർണിച്ച് ഏതുസമയവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിൽ.

ഇപ്പോഴും ഈ കെട്ടിടത്തിൽ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. കനത്തമഴയും കാറ്റുമുള്ളപ്പോൾ കെട്ടിടം തകർന്നുവീഴുമോ എന്ന ആശങ്കയിലാണ് ജനം. നിർദിഷ്ട റവന്യൂ ടവർ നിർമാണത്തിന് ഭരണാനുമതിയായെങ്കിലും സാമ്പത്തികാനുമതി വൈകുകയാണ്.=

ചോർന്നൊലിച്ച് മേൽക്കൂര തകർന്നനിലയിലാണ് പഴയ സിവിൽ സ്റ്റേഷൻ. മുളന്തുരുത്തി വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ ഓഫീസ്, ജല അതോറിറ്റി ഓഫീസ് എന്നീ സ്ഥാപനങ്ങൾ ഓടിട്ട ഈ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങിയതോടെ ഇവയിലോരോന്നായി സമീപത്ത് പുതുതായി നിർമിച്ച മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി. ഇനിയീ കെട്ടിടത്തിൽ ശേഷിക്കുന്ന പൊതുമരാമത്ത് വകുപ്പ് ഓഫീസിനുകൂടി അഭയം നൽകാൻ പര്യാപ്‌തമല്ല മിനി സിവിൽ സ്റ്റേഷൻ.

മുളന്തുരുത്തിയിലെയും സമീപത്തെയും എല്ലാ സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കാൻ ആവശ്യത്തിന് സ്ഥല സൗകര്യവും പാർക്കിങ് സൗകര്യവുമുള്ള കെട്ടിട സമുച്ചയമെന്ന ഉദ്ദേശ്യത്തിലാണ് റവന്യൂ ടവർ നിർമാണത്തിന് സർക്കാർ ഭരണാനുമതി നൽകിയത്.ഭരണാനുമതിയായതോടെ ഉടൻ നിർമാണം ആരംഭിക്കുമെന്ന് കരുതിയെങ്കിലും ഇതുവരെ സാമ്പത്തികാനുമതി ലഭിക്കാതായതോടെ റവന്യൂ ടവർ നിർമാണം സംബന്ധിച്ച പ്രതീക്ഷകൾക്ക് മങ്ങലേറ്റു.

എന്നാൽ പഴകി ജീർണിച്ച കെട്ടിടം ഇടിഞ്ഞുവീണാൽ വരാന്തയിൽ മഴ നനയാതെ കയറി നിൽക്കുന്നവർക്കോ ഇപ്പോഴും ഇവിടെ പ്രവർത്തിക്കുന്ന ഓഫീസുമായി ബന്ധപ്പെട്ടവർക്കോ അപകടം സംഭവിച്ചേക്കാം. റവന്യൂ ടവർ നിർമാണത്തിൻ്റെ ഭാഗമായല്ലാതെ കെട്ടിടം പൊളിച്ചാൽ സാധനങ്ങൾ സൂക്ഷിക്കുന്നതുൾപ്പെടെ പ്രതിസന്ധിയിലാകുമെന്നാണ് ബന്ധപ്പെട്ടവരുടെ നിഗമനം. ഉപയോഗിക്കാവുന്ന വസ്തു‌ക്കൾ നശിച്ചുപോവുകയും ചെയ്യും. സാമ്പത്തികാനുമതി കൂടി ലഭിച്ചാൽ ഉടൻ പ്രവർത്തനങ്ങളാരംഭിക്കും.

റവന്യൂ ടവറിന്റെ നിർമാണത്തിന് 22.6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ട് രണ്ടരവർഷം പിന്നിട്ടു. കെട്ടിടം ഇരിക്കുന്ന 61 സെന്റ് സ്ഥലത്ത് 3686 ചതുരശ്രമീറ്റർ വിസ്‌തീർണത്തിൽ അഞ്ചുനിലയായാണ് റവന്യൂ ടവർ വിഭാവനം ചെയ്തിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/310445/the-ground-has-become-slippery-the-civil-station-building-complex-in-mulanthuruthy-is-in-a-state-of-collapse)