---
title: "തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന നാല് വയസ്സുകാരി മരിച്ചു"
english_title: "Four-year-old girl dies after being treated for a stray dog bite"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309651/four-year-old-girl-dies-after-being-treated-for-a-stray-dog-bite"
published_at: "2025-08-19T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a4762823647_dog.jpg"
keywords: []
---

# തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന നാല് വയസ്സുകാരി മരിച്ചു

> **Lead Summary:** ബെംഗളൂരു: തെരുവുനായയുടെ കടിയേറ്റ നാല് വയസ്സുകാരി നാല് മാസത്തിന് ശേഷം മരിച്ചു. കർണാടകയിലെ ദാവൻഗെരെയിലാണ് ദാരുണ സംഭവമുണ്ടായത്.

## Article Content

ബെംഗളൂരു: തെരുവുനായയുടെ കടിയേറ്റ നാല് വയസ്സുകാരി നാല് മാസത്തിന് ശേഷം മരിച്ചു. കർണാടകയിലെ ദാവൻഗെരെയിലാണ് ദാരുണ സംഭവമുണ്ടായത്.

ബെംഗളൂരുവിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഖദീറ ബാനു എന്ന കുട്ടിയാണ് മരിച്ചത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ തെരുവുനായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഏപ്രിലിലായിരുന്നു അത്. നായയുടെ കടിയേറ്റ് ഖദീറയുടെ മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ ഉടൻ തന്നെ കുടുംബം അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. 

പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. കുട്ടിക്ക് പേവിഷബാധയേറ്റതായി സ്ഥിരീകരിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞയാഴ്ച രാജ്യ തലസ്ഥാനത്തെ എല്ലാ തെരുവുനായകളെയും പേവിഷബാധ കേസുകൾ വർധിച്ചുവരുന്നതിനാൽ തെരുവുകളിൽ നിന്ന് ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

നായകളെ കൈകാര്യം ചെയ്യാനും വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പ്പുകളും നടത്താനും കഴിവുള്ള പ്രൊഫഷണലുകൾ ഡോഗ് ഷെൽട്ടറുകളിൽ ഉണ്ടായിരിക്കണം എന്നും നായകളെ പുറത്തുവിടരുതെന്നും കോടതി നിർദേശിച്ചു. മൃഗസ്‌നേഹികൾ ഈ ഉത്തരവിനെ ചോദ്യംചെയ്യുകയും അതിനെതിരെ തെരുവുകളിൽ പ്രതിഷേധിക്കുകയും ചെയ്തു. സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച്, ഈ ഉത്തരവിനെ ചോദ്യം ചെയ്യുന്ന ഹർജികൾ പരിഗണിച്ചു. ഈ കേസ് വിധി പറയാൻ മാറ്റിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309651/four-year-old-girl-dies-after-being-treated-for-a-stray-dog-bite)