---
title: "കാക്കകൾ കൂട്ടംകൂടി കരയുന്നു , ഗതാഗതം തടസ്സപ്പെടുത്തി  ആളുകൾ കൂടി ; മരത്തിൽ ചുറ്റിയനിലയിൽ മലമ്പാമ്പ്"
english_title: "Crows are crowing in a group, people are blocking traffic; a python is coiled around a tree"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309567/crows-are-crowing-in-a-group-people-are-blocking-traffic-a-python-is-coiled-around-a-tree"
published_at: "2025-08-19T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a4363b6a45a_snake.jpg"
keywords: []
---

# കാക്കകൾ കൂട്ടംകൂടി കരയുന്നു , ഗതാഗതം തടസ്സപ്പെടുത്തി  ആളുകൾ കൂടി ; മരത്തിൽ ചുറ്റിയനിലയിൽ മലമ്പാമ്പ്

> **Lead Summary:** എരൂർ : മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി മരക്കൊമ്പിൽ ചുറ്റിക്കിടന്ന മലമ്പാമ്പിനെ ഒടുവിൽ പിടികൂടി.

## Article Content

എരൂർ : മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി മരക്കൊമ്പിൽ ചുറ്റിക്കിടന്ന മലമ്പാമ്പിനെ ഒടുവിൽ പിടികൂടി.

ചൊവ്വാഴ്ച രാവിലെ 6.30-ഓടെ എരൂർ ഭാഗത്ത് സ്വകാര്യ മൃഗാശുപത്രിക്ക് സമീപത്തായി ഒരു വീട്ടുവളപ്പിലെ തേക്കുമരത്തിൽ പതിവില്ലാതെ കാക്കകൾ കൂട്ടംകൂടി കരയുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തെ കച്ചവടക്കാരനാണ് മരത്തിൽ മലമ്പാമ്പിനെ കണ്ടത്. മരത്തിൽ ചുറ്റിയനിലയിലായിരുന്നു ഇത്. പിന്നെ ആൾക്കൂട്ടമായി. വാഹനങ്ങൾ നിർത്തിയിട്ട് ആളുകൾ കൂടി.

ഗതാഗതവും തടസ്സപ്പെട്ടു. ഒൻപതു മണിയോടെ വാഹനങ്ങളുടെ നീണ്ടനിരതന്നെയായി. ഫയർ ആൻഡ് റസ്‌ക്യൂ യൂണിറ്റ് സ്ഥലത്തെത്തി പാമ്പിനെ മരത്തിൽനിന്നിറക്കാനായി മരത്തിലേക്ക് തുടർച്ചയായി (വാട്ടർ ജെറ്റ്) വെള്ളം ചീറ്റിച്ചു. കാഴ്ചക്കാർ കൗതുകത്തോടെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി.11 മണിയോടെ മലമ്പാമ്പ് താഴെ വീണു. ഏതാണ്ട് പത്തടിയിലേറെ നീളമുള്ളതായിരുന്നു പാമ്പ്.

തുടർന്ന് വനംവകുപ്പ് റെസ്‌ക്യൂ ടീം പാമ്പിനെ പിടികൂടി. ഇതിനു ശേഷമാണ് ജനം പിരിഞ്ഞുപോയത്. തുടർന്ന് വാഹനഗതാഗതം സുഗമമായി. തൃപ്പൂണിത്തുറ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫീസർ പി.കെ. സന്തോഷ്‌കുമാർ, സീനിയർ ഫയർ റെസ ഓഫീസർ, കൃഷ്‌ണകുമാർ, ഫയർമാൻമാരായ പോൾ മാത്യു, വിബിൻ തുടങ്ങിയവർ ചേർന്നാണ് മലമ്പാമ്പിനെ താഴെ ചാടിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309567/crows-are-crowing-in-a-group-people-are-blocking-traffic-a-python-is-coiled-around-a-tree)