---
title: "കുട്ടംപുഴയിൽ ജീപ്പിനു നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം"
english_title: "A herd of wild elephants charged at a jeep in Kuttampuzha"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309321/a-herd-of-wild-elephants-charged-at-a-jeep-in-kuttampuzha"
published_at: "2025-08-18T12:03:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2ca1e0fd85_elep[ant.jpg"
keywords: []
---

# കുട്ടംപുഴയിൽ ജീപ്പിനു നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം

> **Lead Summary:** കോതമംഗലം : കുട്ടംപുഴയിൽ പ്രസിഡന്റും പഞ്ചായത്തംഗവും സഞ്ചരിച്ച ജീപ്പിനു നേരേ കാട്ടാന പാഞ്ഞടുത്തു. ഡ്രൈവറുടെ സമയോചിത ഇടപെടലിലാണ് ഇവർ രക്ഷപ്പെട്ടത്.

## Article Content

കോതമംഗലം : കുട്ടംപുഴയിൽ പ്രസിഡന്റും പഞ്ചായത്തംഗവും സഞ്ചരിച്ച ജീപ്പിനു നേരേ കാട്ടാന പാഞ്ഞടുത്തു. ഡ്രൈവറുടെ സമയോചിത ഇടപെടലിലാണ് ഇവർ രക്ഷപ്പെട്ടത്.

ഞായറാഴ്ച‌ വൈകീട്ട് 5.30-ന് പന്തപ്ര കൂട്ടിക്കുളം പാലത്തിനു സമീപത്തുവച്ചാണ് സംഭവം. മൂന്ന് കുഞ്ഞുങ്ങളും ആറ് പിടിയാനകളുമാണ് ഉണ്ടായിരുന്നത്.മാമലകണ്ടം സ്വദേശികളായ വൈസ് പ്രസിഡന്റ് സൽമ പരീത്, പഞ്ചായത്തംഗം ശ്രീജ ബിജു, വൈസ് പ്രസിഡന്റിന്റെ മരുമകനും രണ്ട് കുട്ടികളും ഡ്രൈവറും സഹായിയുമാണ് ജീപ്പിൽ ഉണ്ടായിരുന്നത്.

പഞ്ചായത്തിലെ കർഷകദിനാചരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. ആനയെ കണ്ട് ജീപ്പ് മാറ്റി നിർത്തിയിട്ടും ആനക്കൂട്ടം ജീപ്പിനുനേരേ പാഞ്ഞടുത്തു. ഡ്രൈവർ അതിവേഗം ജീപ്പ് പിന്നോട്ടെടുത്ത് തിരിച്ചുപോന്നതിനാൽ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടു. കാർ യാത്രക്കാർക്കു നേരേയും ആനകൾ പാഞ്ഞടുത്തു. അവരും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

ഉരുളൻതണ്ണിയിലെ വനപാലകരെ അറിയിച്ചെങ്കിലും താമസിച്ചാണ് എത്തിയത്. ഉരുളൻതണ്ണി ആർആർടിക്ക് വാഹനം അനുവദിച്ചെങ്കിലും ഇതുവരെ കിട്ടിയിട്ടില്ല. പന്തപ്ര ഉന്നതിയിൽ ദിവസങ്ങളായി ആനശല്യമാണെന്ന് ഊരുവാസികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309321/a-herd-of-wild-elephants-charged-at-a-jeep-in-kuttampuzha)