---
title: "കീഴ്മേൽ മറിഞ്ഞ കാറിൽ നിന്ന് വീട്ടമ്മയെ രക്ഷപ്പെടുത്തി  വാട്ടർ അതോറി കരാർ ജീവനക്കാർ"
english_title: "Water Authority contract workers rescue housewife from overturned car"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309084/water-authority-contract-workers-rescue-housewife-from-overturned-car"
published_at: "2025-08-17T08:43:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a1497a571cd_piravom.jpg"
keywords: []
---

# കീഴ്മേൽ മറിഞ്ഞ കാറിൽ നിന്ന് വീട്ടമ്മയെ രക്ഷപ്പെടുത്തി  വാട്ടർ അതോറി കരാർ ജീവനക്കാർ

> **Lead Summary:** രാമമംഗലം : കീഴ്മേൽ മറിഞ്ഞ കാറിൽ നിന്ന് വീട്ടമ്മയെ രക്ഷപ്പെടുത്തി വാട്ടർ അതോറി കരാർ ജീവനക്കാർ. ഒരു മണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ വീട്ടമ്മയായ ഊരമന പാത്തിക്കൽ സ്വദേശിനി ലിസി ചാക്കോയെയാണ് ഇവർ രക്ഷിച്ചത്. ഊരമന അമ്പലംപടി-ആഞ്ഞിലിച്ചുവട് റോഡിൽ നിന്ന് താഴ്ച്ചയിലേയ്ക്ക് കാറ് മറിയുകയായിരുന്നു

## Article Content

രാമമംഗലം : കീഴ്മേൽ മറിഞ്ഞ കാറിൽ നിന്ന് വീട്ടമ്മയെ രക്ഷപ്പെടുത്തി വാട്ടർ അതോറി കരാർ ജീവനക്കാർ. ഒരു മണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ വീട്ടമ്മയായ ഊരമന പാത്തിക്കൽ സ്വദേശിനി ലിസി ചാക്കോയെയാണ് ഇവർ രക്ഷിച്ചത്. ഊരമന അമ്പലംപടി-ആഞ്ഞിലിച്ചുവട് റോഡിൽ നിന്ന് താഴ്ച്ചയിലേയ്ക്ക് കാറ് മറിയുകയായിരുന്നു

പിറവം ജല അതോറിറ്റിയിൽ പൈപ്പ് അറ്റകുറ്റപ്പണികൾ ചെയ്യുന്ന കരാർ ജോലിക്കാരായ പിറവം സ്വദേശി കെ.കെ. അശോക്‌കുമാർ, ഇടയാർ സ്വദേശി എം.ടി.രാജേഷ്‌കുമാർ എന്നിവരാണ് ലിസിയുടെ രക്ഷക്കെത്തിയത്. വെള്ളിയാഴ്ച രാവിലെ പള്ളിയിൽ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്നു വീട്ടമ്മ.

കുത്തനെ ഉള്ള കയറ്റവും വളവുകളും ചേരുന്ന ഭാഗത്താണ് കാർ അപകടത്തിൽപെട്ടത്. സംരക്ഷണ ഭിത്തിയോ ക്രാഷ് ബാരിയറുകളോ ഇവിടെ ഇല്ല. വളവു തിരിരിഞ്ഞപ്പോൾ കാർ നിയന്ത്രണം വിട്ടു മറിഞ്ഞിരിക്കാമെന്നാണു കരുതുന്നത്. പാത്തിക്കലിലെ തടയണയിൽ നിന്നു വെള്ളം കവിഞ്ഞൊഴുകുന്ന തോട് ഈ ഭാഗത്തു കൂടി പോകുന്നുണ്ട്. വെള്ളത്തിന്റെ ഇരമ്പൽ മൂലം കാർ വീഴുന്ന ശബ്ദവും ആഴത്തിൽ നിന്നുള്ള ലിസിയുടെ കരച്ചിലും ആരുടെയും ശ്രദ്ധയിൽപ്പെടാത്തത് ആണ് രക്ഷാപ്രവർത്തനം വൈകിയത്.

പാത്തിക്കൽ ഭാഗത്തുണ്ടായ പൈപ്പ് ചോർച്ച പരിഹരിക്കുന്നതിന് ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്നു അശോക് കുമാറും രാജേഷ് കുമാറും. പിന്നിലിരുന്ന രാജേഷാണു ദൂരെ തലകീഴായി കിടക്കുന്ന കാർ കണ്ടത്. ഉടൻ തന്നെ തിരികെയെത്തി രാജേഷ്‌കുമാർ മൺ തിട്ടയിലൂടെ പിടിച്ചിറങ്ങി വാഹനത്തിന് അരികിലെത്തി.

ഗ്ലാസിനുള്ളിലൂടെ നോക്കിയപ്പോഴാണു ഗുരുതര പരുക്കുകളോടെ ലിസിയെ കണ്ടെത്തിയത്. പിന്നാലെ പാത്തിക്കൽ ജങ്ഷനിൽ അറിയിച്ചു നാട്ടുകാരുടെ സഹായത്തോടെയാണ് ലിസിയെ വാഹനത്തിനു പുറത്തെത്തിച്ചത്. കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ലിസി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309084/water-authority-contract-workers-rescue-housewife-from-overturned-car)