---
title: "നെല്ലിക്കുഴിയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം"
english_title: "Burglary in broad daylight at a house in Nellikuzhi"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307461/burglary-in-broad-daylight-at-a-house-in-nellikuzhi"
published_at: "2025-08-09T14:21:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689712cf5e60b_theft.jpg"
keywords: []
---

# നെല്ലിക്കുഴിയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം

> **Lead Summary:** കോതമംഗലം: നെല്ലിക്കുഴിയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. സ്വർണാഭരണങ്ങളും ലാപ്ടോപ്പും മോഷ്‌ടിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിന് പിൻവശത്ത് വേങ്ങത്താനത്ത് ഈസ റാവുത്തരുടെ വീട്ടിലാണ് മോഷണം നടന്നത്.

## Article Content

കോതമംഗലം: നെല്ലിക്കുഴിയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. സ്വർണാഭരണങ്ങളും ലാപ്ടോപ്പും മോഷ്‌ടിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിന് പിൻവശത്ത് വേങ്ങത്താനത്ത് ഈസ റാവുത്തരുടെ വീട്ടിലാണ് മോഷണം നടന്നത്.

ഇരുനിലക്കെട്ടിടത്തിൻ്റെ മുകൾനിലയിലാണ് വീട്. താഴത്തെ നിലയിൽ കടമുറിയാണ്. മുകളിലത്തെ നിലയിൽ പടികയറിച്ചെല്ലുന്ന ഭാഗത്ത് ഗ്രില്ലുകൊണ്ടുള്ള ജനൽ തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്.

മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന എട്ടു പവനോളം സ്വർണവും ഒരു ലാപ്ടോപ്പും മോഷ്‌ടിച്ചു. അലമാര പൂട്ടിയിരുന്നെങ്കിലും താക്കോൽ അവിടെത്തന്നെ ഉണ്ടായിരുന്നത് മോഷ്ട‌ാവിന് എളുപ്പമായി. രണ്ട് ലാപ്ടോപ്പ് ഉണ്ടായിരുന്നതിൽ പുതിയതാണ് കൊണ്ടുപോയത്.

ഈസ വ്യാപാരാവശ്യത്തിന് പുറത്തുപോയിരുന്നു. ഭാര്യ ഷാജിത, പുതിയവീട് പണിയുന്നിടത്തേക്ക് രാവിലെ 11-ന് പോയി. ഉച്ചയ്ക്ക് 12 ഓടെ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ വലിച്ചുവാരിയിട്ടനിലയിൽ കണ്ട് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസ്സിലായത്. കോതമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

തെളിവെടുപ്പിനായി ആലുവയിൽനിന്ന് വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. ഈസയുടെ മകൾ ഫാത്തിമയുടേതാണ് സ്വർണാഭരണങ്ങൾ. പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുന്നു. നെല്ലിക്കുഴിയിൽ ഇതരസംസ്ഥാന തൊഴിലാളികൾ ധാരാളമുള്ള പ്രദേശമാണ്.പകൽസമയത്തെ മോഷണം നാട്ടുകാരെ ആശങ്കയിലാഴ്ത്തി. മോഷ്‌ടാക്കളെ കണ്ടെത്താൻ -പോലീസ് ഊർജിത ശ്രമം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307461/burglary-in-broad-daylight-at-a-house-in-nellikuzhi)