---
title: "കൂത്താട്ടുകുളത്ത് സമരം ഫലം കണ്ടു : മംഗലത്തുതാഴത്ത് തകർന്ന കലുങ്കിന്റെ പുനർനിർമാണം ആരംഭിച്ചു"
english_title: "The strike in Koothattukulam bore fruit: Reconstruction of the damaged culvert below Mangalathu has begun"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307412/the-strike-in-koothattukulam-bore-fruit-reconstruction-of-the-damaged-culvert-below-mangalathu-has-begun"
published_at: "2025-08-09T11:21:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6896e3a8d524d_ldf.jpg"
keywords: []
---

# കൂത്താട്ടുകുളത്ത് സമരം ഫലം കണ്ടു : മംഗലത്തുതാഴത്ത് തകർന്ന കലുങ്കിന്റെ പുനർനിർമാണം ആരംഭിച്ചു

> **Lead Summary:** കൂത്താട്ടുകുളം : പാലാ റോഡിൽ മംഗലത്തുതാഴത്ത് തകർന്ന കലുങ്കിന്റെ പുനർനിർമാണം ആരംഭിച്ചു. നഗരസഭയിലെ എൽഡിഎഫ് അംഗങ്ങളും നേതാക്കളും സൂചനാസമരം നടത്തിയതിനുപിന്നാലെ ഉന്നത ഉദ്യോഗസ്ഥർ ഇടപെടുകയായിരുന്നു.

## Article Content

കൂത്താട്ടുകുളം : പാലാ റോഡിൽ മംഗലത്തുതാഴത്ത് തകർന്ന കലുങ്കിന്റെ പുനർനിർമാണം ആരംഭിച്ചു. നഗരസഭയിലെ എൽഡിഎഫ് അംഗങ്ങളും നേതാക്കളും സൂചനാസമരം നടത്തിയതിനുപിന്നാലെ ഉന്നത ഉദ്യോഗസ്ഥർ ഇടപെടുകയായിരുന്നു.

പാലാ റോഡും കലുങ്കും നിർമിച്ച കോൺട്രാക്ടർതന്നെയാണ് അനൂപ് ജേക്കബ് എംഎൽഎയുടെ വീട് സ്ഥിതിചെയ്യുന്ന വാളിയാപ്പാടം-വെട്ടിമുട് എംഎൽഎ റോഡും നിർമിക്കുന്നത്. അവിടെ ഇപ്പോഴും നിർമാണം നടക്കുന്നുണ്ട്.

എംഎൽഎയുടെ അയൽക്കാരൻകൂടിയായ കോൺട്രാക്ടറെ വിളിച്ചുവരുത്തണമെന്നും അടിയന്തര അറ്റകുറ്റപ്പണിയും വകുപ്പുതല നടപടിയും വേണമെന്നായിരുന്നു എൽഡിഎഫ് ആവശ്യം. ഇതേത്തുടർന്ന് വെള്ളി രാവിലെമുതലാണ് പ്രവൃത്തി ആരംഭിച്ചത്. ഇതുവഴിയുള്ള ഗതാഗതം ഒറ്റവരിയായി ക്രമീകരിച്ചു.

റോഡിൻ്റെ പകുതിവരെയുള്ള കലുങ്കിന്റെ സ്ലാബ് ബ്രേക്കറിൻ്റെ സഹായത്തോടെ പൊളിച്ചു. ഈ ഭാഗത്തെ നിർമാണം പൂർത്തിയായി 28 ദിവസത്തിനുശേഷമെ ഗതാഗതത്തിന് തുറന്നുനൽകു.മുമ്പ് മൂന്നരക്കോടിയോളം രൂപയാണ് രണ്ടു ഘട്ടങ്ങളിലായി റോഡിനും കലുങ്കിനുമായി ചെലവഴിച്ചത്.

പണി പൂർത്തിയായി മാസങ്ങൾകൊണ്ട് തകർന്നു. നിരവധിതവണ അറ്റകുറ്റപ്പണി നടത്തി. ഇപ്പോൾ തകർന്നഭാഗത്ത് മഴ മാറിയാൽ ഉടൻ അറ്റകുറ്റപ്പണി ആരംഭിക്കും. പരാതികൾ അറിയിക്കാൻ സ്ഥാപിച്ച പദ്ധതി നിർവഹണം സംബന്ധിച്ച ബോർഡുകളും റോഡിൽനിന്ന് കരാറുകാരൻ നീക്കിയതായി നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307412/the-strike-in-koothattukulam-bore-fruit-reconstruction-of-the-damaged-culvert-below-mangalathu-has-begun)